പാര്‍ട്ടിയുമായുള്ള പ്രശ്നം തീര്‍ന്നെന്ന് ജില്ലാ സെക്രട്ടറിയുമായി കലഹിച്ച് സിപിഎം വിടാനൊരുങ്ങിയ പാലക്കാട് എരിയാ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍. എം.വി.ഗോവിന്ദന്‍ ഇടപെട്ടു, പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചെന്നും പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ടുപോകും, പാര്‍ട്ടി വിടില്ലെന്നും ഷുക്കൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എന്‍.എന്‍. കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചതില്‍ നേതൃത്വം മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പരസ്യമായി വിമർശിച്ചതിന് പിന്നാലെയാണ് ഷൂക്കൂർ പാർട്ടി വിടുകയാണെന്ന തീരുമാനം അറിയിച്ചത്. പാർട്ടിയിൽ വിവിധ ചുമതലകള്‍ വഹിച്ച ഷുക്കൂര്‍ പി സരിന്‍റെ പ്രചാരണത്തിൽ സജീവമല്ലെന്നായിരുന്നു സുരേഷ് ബാബുവിന്‍റെ ആക്ഷേപം. ഇതേത്തുടർന്ന് അബ്ദുൾ ഷുക്കൂർ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.
ഷുക്കൂര്‍ പാര്‍ട്ടിവിടുമെന്ന ഘട്ടത്തില്‍ എൻഎൻ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി ചര്‍ച്ച നടത്തി. ഷൂക്കുറിന് പാര്‍ട്ടി വിട്ടുപോകാനാകില്ലെന്ന് അതിനുശേഷം നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ എല്‍.ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും ഷുക്കൂര്‍ പങ്കെടുത്തു. കണ്‍വെന്‍ഷനിടയിലാണ് അബ്ദുല്‍ ഷുക്കൂറിനെ ചേര്‍ത്തുപിടിച്ച് സംസ്ഥാന സമിതി അംഗം എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചത്.
ഷുക്കൂര്‍ പാര്‍ട്ടിവിട്ടു എന്ന് പറഞ്ഞവര്‍ ലജ്ജിച്ചു തല താഴ്ത്തണമെന്നും സി.പി.എമ്മില്‍ പൊട്ടിത്തെറി എന്ന് കൊടുത്തവര്‍ എവിടെപ്പോയെന്നും കൃഷ്ണദാസ് ചോദിച്ചു. ഇറച്ചിക്കടകള്‍ക്ക് പിന്നില്‍ പട്ടികള്‍ കാവല്‍നിന്ന പോലെ മാധ്യമങ്ങള്‍ നിന്നു. ഷുക്കൂറിനെ കരയിപ്പിച്ചത് പാര്‍ട്ടിയല്ല, മാധ്യമങ്ങളെന്നും കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഷുക്കൂറിനെനേതാക്കള്‍ അനുവദിച്ചിരുന്നില്ല.