യുപി കാന്‍പുരില്‍ നാല് മാസം മുന്‍പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി. കാന്‍പുര്‍ കലക്ടറിന്‍റെ ബംഗ്ലാവിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുപ്പത്തിരണ്ടുകാരി ഏകത ഗുപ്തയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജിം ട്രെയിനര്‍ വിശാല്‍ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... ജൂണ്‍ 24നാണ് യുവതിയെ കാണാതാകുന്നത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ ഗുപ്തയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നത്. ജിം ട്രെയിനറായ വിശാല്‍ സോണിയും ഏകത ഗുപ്തയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇതിനിടയില്‍ വിശാല്‍ സോണിയുടെ വിവാഹം നിശ്ചയിച്ചു. ഇതിനെ യുവതി ശക്തമായി എതിര്‍ത്തതായും അസ്വസ്ഥയായിരുന്നതായും നോർത്ത് കാൺപൂർ ഡിസിപി ശ്രാവൺ കുമാർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുടര്‍ന്ന് ദിവസങ്ങളോളം യുവതി ജിമ്മില്‍ പോയിട്ടില്ലായിരുന്നു. കുറ്റകൃത്യം നടന്ന ദിവസം 20 ദിവസത്തിന് ശേഷമാണ് ഏകത ഗുപ്ത ജിമ്മില്‍ വരുന്നത്. പിന്നാലെ ഇരുവരും സംസാരിക്കാനായി കാറില്‍ കയറുകയും വാക്കുതർക്കത്തിനിടെ വിശാല്‍ സോണി യുവതിയെ തലയ്ക്കടിച്ച് ബോധരഹിതയാക്കി കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം കാന്‍പുര്‍ കലക്ടറിന്‍റെ വസതിക്ക് സമീപമുള്ള ക്ലബ്ബിൽ കുഴിച്ചിടുകയും ചെയ്തു.
മലയാള ചലച്ചിത്രം ദൃശ്യത്തിന്‍റെ ഹിന്ദി റീമേക്കായ ദൃശ്യം കണ്ടതിന് ശേഷമാണ് വിശാല്‍ സോണി യുവതിയുടെ മൃതദേഹം കാന്‍പുര്‍ കലക്ടറുടെ വസതിക്ക് സമീപം സംസ്കരിക്കുന്നതെന്ന് പൊലീസ് പറയുന്നു. കലക്ടറുടെ വസതിക്ക് സമീപമാകുമ്പോള്‍, ഇത്തരമൊരിടത്ത് ഒരു കൊലപാതകം പൊലീസ് സംശയിക്കില്ലെന്ന് സോണ കരുതി. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളെ കണ്ടെത്തുകയും പ്രയാസമായിരുന്നു. എന്നാൽ, ജിം പരിശീലകനുമായി തന്‍റെ ഭാര്യക്ക് ബന്ധമുണ്ടെന്ന വാദം യുവതിയുടെ ഭർത്താവ് രാഹുൽ ഗുപ്ത നിഷേധിച്ചു. ഇരുവരും പ്രണയത്തിലല്ലായിരുന്നെന്നും ഏകത ഗുപ്തയെ സോണി തട്ടിക്കൊണ്ടുപോകുകയുമായിരുന്നു എന്നാണ് രാഹുൽ ഗുപ്ത പറയുന്നത്.