ഐശ്വര്യം കിട്ടാന്‍ നാലു വയസുള്ള കുഞ്ഞിനെ ബലി കൊടുത്ത് ബന്ധു. ഉത്തർപ്രദേശിലെ ബറേലിക്ക് സമീപത്ത ശിഖർപൂർ ചധൗരി ഗ്രാമത്തിലാണ് സംഭവം. മിസ്റ്റി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ ബന്ധുവായ സ്ത്രീയെയും ആൾദൈവത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ചയായിരുന്നു കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. വീട്ടിലും സമീപ പ്രദേശത്തെ വീടുകളിലും കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടിയെ കണ്ടെത്താനായി അന്വേഷണം നടത്തുന്നതിനിടയിലാണ് ബന്ധുവായ സാവിത്രിയിലേക്ക് അന്വേഷണം തിരിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളെ പോലും വീട്ടിലേക്ക് കടത്തി വിടാതെ ഇരുന്നത് പൊലീസില്‍ സംശയം ഉളവാക്കി. പിന്നീട് നിര്‍ബന്ധിച്ച് വീടിനുള്ളില്‍ കയറി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇതോടെ കിണറിന് സമീപത്ത് കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.
അന്ധവിശ്വാസമാണ് കുട്ടിയുടെ കൊലപാതകത്തിനു പിന്നിലെന്ന് കണ്ടെത്തി. പിന്നാലെ സ്വയം പ്രഖ്യാപിത ആൾദൈവമായ ഗംഗാ റാമിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐശ്വര്യം ലഭിക്കാന്‍ കുട്ടിയെ ബലി നൽകണമെന്ന ആൾദൈവത്തിന്‍റെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കുറ്റകൃത്യം നടത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.