ഇടുക്കി ചെമ്മണ്ണാറിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം. കേസിൽ കുഞ്ഞിന്റെ അമ്മ ചിഞ്ചുവിന്റെ മാതാപിതാക്കളായ ഫിലോമിന സലോമോൻ എന്നിവർ അറസ്റ്റിൽ. ഭിന്നശേഷിക്കാരിയായ ചിഞ്ചു കുഞ്ഞിനെ എടുത്തെറിഞ്ഞതാണ് മരണകാരണം.
രണ്ടുമാസം മുമ്പാണ് ചെമ്മണ്ണാറിലെ വീടിന് സമീപം ചിഞ്ചുവിന്റെ ആൺകുഞ്ഞിനെ മരിച്ച നിലയിലും അമ്മ ഫിലോമിനയെ അബോധാവസ്ഥയിലും കണ്ടെത്തിയത്. സംഭവ ദിവസം രാവിലെ കുഞ്ഞിനെയും ഫിലോമിനയെയും കാണാനില്ലെന്ന് ഭർത്താവ് ശലോമോൻ നാട്ടുകാരെ അറിയിച്ചിരുന്നു. മുൻപു മരിച്ചുപോയ അയൽവാസി വിളിച്ചതിനെ തുടർന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയതാണെന്ന് ഫിലോമിന ഉടുമ്പൻചോല പൊലീസിന് മൊഴി നൽകി. ഫിലോമിനയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ഭർത്താവ് പറഞ്ഞതോടെ ഇവരെ ചികിത്സിക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
അമ്മ ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്തതോടെ കുഞ്ഞിന്റെ മരണം കൊലപാതകം ആണെന്ന് സംശയം തോന്നി. ഇതോടെ ഫിലോമിനയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വിശദമായ പരിശോധനയിൽ ഫിലോമിനയ്ക്ക് മാനസികാസ്വാസ്ഥ്യം ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് മൂവരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവം ദിവസം രാത്രി ചിഞ്ചു കുഞ്ഞിനെ ഭിത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞു മരിച്ചെന്ന് മനസിലായതോടെയാണ് ഫിലോമിനായും ഭർത്താവും ചേർന്ന് രക്ഷപ്പെടാൻ പുതിയ കഥ മെനഞ്ഞത്. സ്പെഷ്യൽ സ്കൂളിൽ പഠിച്ചിരുന്ന ചിഞ്ചുവിനെ വിവാഹം കഴിപ്പിക്കരുതെന്ന് ഡോക്ടർമാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇത് അവഗണിച്ചാണ് കല്യാണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.