തൃശൂര്‍ മാളയിൽ മദ്യലഹരിയില്‍ എത്തിയ രണ്ടു യുവാക്കള്‍ എക്സൈസ് ഓഫിസില്‍ കയറി ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. ഇൻസ്പെക്ടർ ഉള്‍പ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു. അറസ്റ്റിലായ രണ്ടു യുവാക്കളേയും കോടതി റിമാന്‍ഡ് ചെയ്തു. മാള വടമ സ്വദേശികളായ അക്ഷയും പ്രവീണും മദ്യലഹരിയിലായിരുന്നു. എക്സൈസ് ഓഫിസില്‍  പരിചയക്കാരനുണ്ടെന്ന് പറഞ്ഞാണ് എത്തിയത്. 

ഡ്യൂട്ടിയിലുണ്ടായ സിവില്‍ എക്സൈസ് ഓഫിസര്‍ എം.എസ്.സന്തോഷ്കുമാര്‍ തടഞ്ഞു. പിന്നെ, പിടിവലിയായി. തടയാന്‍ വന്ന എക്സൈസ് ഇന്‍സ്പെകര്‍ ജി.എസ്.സജിത്ത്കുമാറിനും സിവില്‍ എക്സൈസ് ഓഫിസര്‍ സി.കെ.ദേവദാസിനും പരുക്കേറ്റു. ഇവര്‍, ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. 

ഞായറാഴ്ച മൂന്നരയോടെയാണ് യുവാക്കള്‍ ഓഫിസിലേക്ക് അതിക്രമിച്ചു കയറി പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. വാതിലിലും ബോര്‍ഡിലും അടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു യുവാക്കളെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പൊലീസിനു മൊഴിനല്‍കി. അടിപിടി കേസുകളില്‍ നേരത്തെ പ്രതിയാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.