കൊച്ചിയിലെ വിവാദ നൃത്തപരിപാടിയില്‍ നൃത്തധ്യാപകർക്ക് തലവരിപണം നൽകിയെന്ന് മൃദംഗ വിഷൻ. ഓരോ കുട്ടിക്കും 900 രൂപവീതം അധ്യാപകർക്ക് കമ്മിഷൻ നൽകിയെന്ന് മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാര്‍ മൊഴി നല്‍കി. ഓരോ കുട്ടിയിൽ നിന്നും പിരിച്ചെടുത്തത് 2900 രൂപവീതമാണ്. ഇതിൽ 900 രൂപ കുട്ടിയെ എത്തിച്ച അധ്യാപകന് നല്‍കി. മൃദംഗ വിഷന്റെ സാമ്പത്തിക സ്രോതസ്സുകളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വ്യാപകമാക്കി.
അതേസമയം, കൊച്ചിയിലെ വിവാദ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റ കേസിൽ ജിസിഡിഎയും പൊലീസിന്റെ അന്വേഷണ പരിധിയിൽ. പരിപാടിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് വിഭാഗത്തിലെയും എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.
പരിപാടിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്ന സഹചര്യത്തിലാണി പൊലീസ് നീക്കം. അതസമയം, അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് തീവ്ര പരിചരണ വിഭാഗത്തിൽ ചികില്‍സയില്‍ തുടരുന്നു. ഇന്നലെ രാവിലെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു.