ആറുവയസുള്ള പെണ്‍കുട്ടിയെ സഹോദരിക്ക് മുന്നില്‍ വച്ച് പീഡിപ്പിച്ചെന്ന കേസില്‍ 68 കാരന് ജീവിതാവസാനം വരെ തടവും പിഴയും ശിക്ഷ. പെണ്‍കുട്ടിയുടെ അമ്മൂമ്മയുടെ കാമുകനാണ് പ്രതിയായ വിക്രമന്‍. മരണംവരെ ഇരട്ട ജീവപര്യന്തവും കഠിനതടവും 60,000 രൂപയുമാണ് ശിക്ഷ. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി. 2020–21 സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അമ്മൂമ്മയുടെ സംരക്ഷണയില്‍ കഴിഞ്ഞ പെണ്‍കുഞ്ഞുങ്ങളെയാണ് പ്രതി പീഡിപ്പിച്ചത്. സഹോദരിയായ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നവംബര്‍ അഞ്ചിന് പോക്സോ കോടതി വിധി പറയും.
അമ്മൂമ്മയ്ക്കൊപ്പം കഴിഞ്ഞിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ആറുമാസത്തോളമുള്ള നിരന്തര പീഡനത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഗുരുതരമായ പരുക്കുമേറ്റു. അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. 22 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകളും നാല് തൊണ്ടിമുതലുകളും ഹാജരാക്കി.