തമിഴ്നാട്ടിലെ കുറുവ തിരുട്ടു സംഘം ആലപ്പുഴ ജില്ലയിൽ എത്തിയെന്നു സൂചന. ആലപ്പുഴ മണ്ണഞ്ചേരിയിലെ ഒരു വീട്ടിൽ നടന്ന മോഷണശ്രമത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംശയം ശക്തമായത്. ദൃശ്യങ്ങളിൽ നിന്നാണ് കുറുവ സംഘത്തെക്കുറിച്ചുള്ള സൂചനകൾ കിട്ടിയത് .
മണ്ണഞ്ചേരി നേതാജിയിൽ രേണുക അശോകന്റെ വീട്ടിൽ കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നിരുന്നു. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൊലിസിന് ചില സംശയങ്ങൾ തോന്നി. കുറുവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്ന് കിട്ടിയത്. മുഖം മറച്ച് അർധ നഗ്നരായാണ് കുറുവ സംഘം എത്തുന്നത് പൊലീസിന് ലഭിച്ച ദൃശ്യങ്ങളിൽ രണ്ടു പേരെ കാണാം. ഇവർ മുഖംമറച്ചിട്ടുണ്ട്. ഇവരുടെ വേഷത്തിൽ നിന്നാണ് കുറുവ സംഘമാണെന്ന നിഗമനത്തിൽ പൊലിസ് എത്തിയത്.
മണ്ണഞ്ചേരിയിലെ വീടിന്റെ അടുക്കള വാതിൽ തുറന്ന് മോഷ്ടാക്കൾ അകത്തു കയറിയെങ്കിലും ഒന്നും നഷ്ടമായില്ല. പകൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുകയും രാത്രിയിൽ എത്തി മോഷണം നടത്തുകയാണ് രീതി. എതിർത്താൽ ആക്രമിക്കും. കുറുവ എന്ന് കേരളത്തിൽ അറിയപ്പെടുന്ന ഇവരെ തമിഴ്നാട്ടിൽ നരിക്കുറുവ എന്നാണ് വിളിക്കുന്നത്. വിടുകളുടെ പിൻവാതിൽ വഴിയാണ് അകത്തു കയറുന്നത്.
പുറത്തുള്ള പൈപ്പുകൾ തുറന്ന് വിട്ടോ കുട്ടികളുടെ ശബ്ദം ഉണ്ടാക്കിയും വീട്ടുകാരുടെ ശ്രദ്ധതിരിക്കും. ഇത് നോക്കി വീട്ടുകാർ പുറത്തിറങ്ങുമ്പോൾ അകത്ത് കയറും. പിടികൂടിയാൽ വഴുതി രക്ഷപെടാൻ ശരീരത്തിൽ എണ്ണ പുരട്ടുന്നതും ഈ സംഘത്തിന്റെ പ്രത്യേകതയാണ്. പൊലിസ് പട്രോളിങ്ങ് രാത്രികാലങ്ങളിൽ ആലപ്പുഴയിൽ ശക്തമാക്കിയിട്ടുണ്ട്.