പത്തനംതിട്ട അടൂരില്‍ ഡിവൈഎഫ്ഐ നേതാവിന്‍റെ പൊതുവഴിയിലെ പിറന്നാളാഘോഷത്തില്‍ ലഹരിക്കേസ് പ്രതികളും. ചില കാപ്പാകേസ് പ്രതികള്‍ പങ്കെടുത്തു എന്നാണ് സംശയം. സ്പെഷല്‍ ബ്രാഞ്ചും ആഘോഷം പരിശോധിക്കുന്നുണ്ട്.
ഡിവൈഎഫ്ഐ പറക്കോട് മേഖലാ സെക്രട്ടറിയും സിപിഎം അമ്പലത്തറ ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയും വഹിക്കുന്ന റിയാസ് റെഫീക്കിന്‍റെ പിറന്നാളിനാണ് പ്രതികളെത്തിയത്. പറക്കോട് ജംക്ഷനില്‍ ഇന്നലെ രാത്രി ആയിരുന്നു കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമുള്ള ആഘോഷം.
തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ എംഡിഎം.എ. കേസിലെ പ്രതിയായ രാഹുല്‍ ആര്‍ നായരും. തിരുനെല്‍വേലിയില്‍ 100 കിലോ കഞ്ചാവുമായി പിടിയാലായ അജ്മലുമാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷമാണ് പന്തളത്ത് പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന 154 ഗ്രാം കഞ്ചാവുമായി രാഹുലും കൂട്ടാളികളും പിടിയിലായത്. കഞ്ചാവ് കേസില്‍ തിരുനെല്‍വേലിയില്‍ ജയിലില്‍ ആയിരുന്നു അജ്മല്‍. ഇവര്‍ക്കൊപ്പം ആഘോഷത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് അനന്തു മധുവും പങ്കെടുത്തിരുന്നു.
കാപ്പാ കേസ് പ്രതികളും പങ്കെടുത്തു എന്നാണ് സ്പെഷല്‍ ബ്രാഞ്ചിന്റെ സംശയം. പൊതുപ്രവര്‍ത്തകന്‍റെ ആഘോഷത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.. കഴിഞ്ഞ ജൂണിലാണ് കാപ്പാകേസ്, വധശ്രമക്കേസ് പ്രതികളെ സിപിഎമ്മിലേക്ക് മന്ത്രി വീണ ജോര്‍ജ് മാലയിട്ട് സ്വീകരിച്ചത് വിവാദമായത്.