മകളുമായി പ്രണയമുണ്ടായിരുന്ന യുവാവിനെ പട്ടാപ്പകല്‍ നടുറോഡിൽ വെച്ച് വടിവാൾ കൊണ്ട് വെട്ടിയും കൂടം കൊണ്ടടിച്ചും കൊലപ്പെടുത്തിയ പിതാവിനും കൂട്ടാളികൾക്കും ജിവപര്യന്തം തടവ്. ആലപ്പുഴ സനോജ് വധക്കേസിലാണ് ഏഴു പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. സനോജുമായി അടുപ്പമുണ്ടായിരുന്ന യുവതിയുടെ സഹോദരനും പിതാവും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

2014 ജൂലൈ നാലിനായിരുന്നു സനോജിനെ  കൊലപ്പെടുത്തിയത്. ജോലിസ്ഥലത്തു നിന്നു ഉച്ചഭക്ഷണത്തിനായി വിട്ടിലേക്ക് വരികയായിരുന്ന സനോജിനെ വഴിയിൽ കാത്തുനിന്ന പ്രതികൾ വടിവാൾ കൊണ്ട് ആദ്യം വെട്ടിയും കൂടം കൊണ്ട് അടിച്ചും കൊല്ലുകയായിരുന്നു. കേസിൽ അയൽവാസിയായ പൊടിയൻ എന്ന പ്രസാദ്, മകൻ പ്രശാന്ത് ക്വട്ടേഷൻ സംഘാംഗങ്ങളായ കിരൺ, അജി ലാൽ, ജോസ് ആൻ്റണി, അപ്പു, ഫിനിസ്റ്റർ നെറ്റോ എന്നിവരാണ് പ്രതികൾ. ഏഴ് പേർക്കും ജിവപര്യന്തം തടവാണ് ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി വിധിച്ചത്.

കൊല്ലപ്പെട്ട സനോജും പ്രസാദിൻ്റെ മകളുമായി പ്രണയത്തിലായിരുന്നു.അതിനെ ചൊല്ലി വഴക്കും പതിവായിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരണയെന്നാണ് കുറ്റപത്രം. കൊലപാതകം നടന്ന് പത്ത് വർഷത്തിനുശേഷമാണ് വിധിയുണ്ടാകുന്നത്.

ENGLISH SUMMARY:

An Alappuzha court sentenced a father and six others to life imprisonment for the brutal murder of Sanoj, who was in a relationship with the man's daughter.