ഭക്ഷണം കഴിക്കാനായി ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയതിന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇടുക്കി പ്രകാശ് സിറ്റിയിലാണ് സംഭവം. മാടപ്രയിൽ സുമജൻ എന്നുവിളിക്കുന്ന പുന്നത്താനിയിൽ കുര്യനാണ് ഭാര്യ ആലീസിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ആലീസ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുര്യനെ പൊലീസ് അറസ്റ്റു ചെയ്തു
ആലീസിന്റെ തലയ്ക്കും കഴുത്തിനുമാണ് മാരകമായി പരുക്കേറ്റിരിക്കുന്നത്. കുര്യന് മാനസിക രോഗത്തിന് ചികിത്സ തേടുന്നയാളാണെന്നാണ് വിവരം. മൂന്ന് ദിവസത്തോളമായി കുര്യന് മരുന്ന് കഴിച്ചിരുന്നില്ലെന്നും ഇതാണ് ദാരുണ സംഭവത്തില്‍ കലാശിച്ചതെന്നുമാണ് വിവരം.
സംഭവ ദിവസം രാവിലെ കട്ടപ്പനയിലുള്ള ആശുപത്രിൽ കുര്യന് പോയിരുന്നു. തിരിച്ചു വീട്ടില്‍ വന്ന് കിടന്നുറങ്ങി. രാത്രിയായിട്ടും ഭക്ഷണം കഴിക്കാന്‍ എഴുന്നേല്ക്കുന്നില്ല എന്നു കണ്ടാണ് ആലീസ് കുര്യനെ വിളിച്ചുണര്‍ത്തിയത്. എന്നാല്‍ പ്രകോപിതനായ കുര്യന് ആലീസിനെ ആക്രമിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന വാക്കത്തികൊണ്ടായിരുന്നു അക്രമം. മുറിവേറ്റ ആലീസ് അയല്‍വീട്ടിലേക്ക് ഓടിക്കയറി. പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് ആലീസിനെ ആശുപത്രിയിലാക്കിയത്. വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം അന്ന് രാത്രി മുഴുവന്‍ കുര്യന് ഒളിവിലായിരുന്നു. പിറ്റേദിവസം വീട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.