TOPICS COVERED

ഇടുക്കി ഉപ്പുതറ പീരുമേട് ടീ കമ്പനി എസ്റ്റേറ്റിനുള്ളിൽ ആഴ്ചകൾ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തേയിലത്തോട്ടത്തിന് സമീപം തോട്ടിലാണ് കാലിന്റെയും തലയോട്ടിയുടെയും ശരീര ഭാഗങ്ങൾ ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തിയത്. മൂന്നുമാസം മുമ്പ് കാണാതായ ഉപ്പുതറ സ്വദേശി ഇടവേലിക്കൽ ചെല്ലമ്മയുടെ ശരീരഭാഗങ്ങൾ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പീരുമേട് ടീ കമ്പനിയിലെ ലോൺട്രി ഡിവിഷനിൽ ജോലിക്ക് എത്തിയ തൊഴിലാളികളാണ് കല്ലുകാട് തോട്ടിൽ മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. തൊഴിലാളികൾ തോട്ടിൽ കൈകഴുകാൻ ഇറങ്ങിയപ്പോൾ കരയ്ക്ക് അടിഞ്ഞ നിലയിയിലായിരുന്നു മൃതദേഹ അവശിഷ്ടങ്ങൾ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി. സ്ത്രീയുടേതെന്ന് തോന്നിക്കുന്ന അവശിഷ്ടങ്ങൾ ഇന്നലെ പെയ്ത മഴയിൽ ഒഴുകിയെത്തിയതാണെന്നാണ് നിഗമനം. രണ്ടുമാസം മുമ്പ് ഉപ്പുതറ സ്വദേശിയായ ഇടവേലിക്കൽ ചെല്ലമ്മയെ കാണാതായിരുന്നു ശരീരഭാഗങ്ങൾ ഇവരുടേതാണെന്നാണ് സംശയിക്കുന്നത്. 

മാർച്ച് മാസത്തിൽ ചെല്ലമ്മയെ കാണാതാവുകയും നാട്ടുകാർ നടത്തിയ തിരച്ചിലിൽ തേയിലത്തോട്ടത്തിനുള്ളിൽ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ കാൽ വഴുതി തോട്ടിൽ വീണ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ചെല്ലമ്മയെ കാണാതായത് സംബന്ധിച്ച് ഉപ്പുതറ പൊലീസ് നേരത്തെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ഡി എൻ എ പരിശോധന ഫലവും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും വന്നതിനുശേഷമേ ശരീര അവശിഷ്ടങ്ങൾ ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയു. മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടങ്ങി.