ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പാക് ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ കമാന്‍ഡറെ വധിച്ച് സുരക്ഷാസേന. സേനാംഗങ്ങള്‍ക്കെതിരായ നിരവധി ആക്രമണക്കേസുകളിലെ പിടികിട്ടാപ്പുള്ളിയായ ഭീകരന്‍ ഉസ്മാനെയാണ് വധിച്ചത്. അനന്ത്നാഗില്‍ രണ്ട് ഭീകരരെ സൈന്യവും വധിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മുതിര്‍ന്ന ലഷ്കര്‍ കമാന്‍ഡര്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീനഗറിലെ ഖന്യാറില്‍ സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും ഉള്‍പ്പെട്ട സംയുക്ത സംഘം തിരച്ചിലിന് എത്തിയത്. പിന്നെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍. കനത്ത ആക്രമണത്തില്‍ ഭീകരന്‍ ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ ഉഗ്രസ്ഫോടനം. ഒടുവില്‍ ആ വിവരമെത്തി. കാലങ്ങളായി സേന തിരയുന്ന ലഷ്കര്‍ കമാന്‍ഡര്‍ ഉസ്മാനെ വധിച്ചു. ദൗത്യത്തിനിെട രണ്ട് സിആര്‍എപിഎഫ് ജവാന്‍മാര്‍ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.
30 മാസങ്ങള്‍ക്കുശേഷമാണ് ശ്രീനഗറില്‍ ഒരു ഏറ്റുമുട്ടലുണ്ടാകുന്നത്. രാവിലെ അനന്ത്നാഗിലും രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ബഡ്ഗാം, ബന്ദിപ്പോറ, അനന്ത്നാഗ് എന്നിവിടങ്ങളില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ബഡ്ഗാമിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണോ ഭീകരാക്രമണങ്ങളെന്ന് നാഷനല്‍ കോണ്‍ഫന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല ചോദിച്ചു. ജമ്മു കശ്മീരിലുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.