പതിനഞ്ചു വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ പൊലീസ് പിടിയില്‍. ചെന്നൈയിലെ ഒരു ഫ്ലാറ്റിലാണ് സംഭവം. മെഹ്ത നഗറിലുള്ള ഫ്ലാറ്റില്‍ വീട്ടുജോലി ചെയ്തിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം ശുചിമുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് വിവരം. പതിനഞ്ചുകാരിയുടെ ശരീരം നിറയെ പൊള്ളിയ പാടുകളാണ്. ഇരുമ്പ് പഴുപ്പിച്ച് വച്ചും സിഗരറ്റു കുറ്റികൊണ്ടും പെണ്‍കുട്ടിയുടെ ശരീരം പൊള്ളിച്ചിട്ടുണ്ട്. ഇതിനു പിറമേ ദേഹമാസകലം മുറിവേറ്റ പാടുകളുമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

ഫ്ലാറ്റ് ഉടമ മുഹമ്മദ് നിഷാദും ഭാര്യ നസിയയും പൊലീസ് കസ്റ്റഡിയിലാണ്. ഇവരാണ് പെണ്‍കുട്ടിയുടെ മൃതദേഹം ശുചിമുറിയില്‍ തള്ളിയതെന്ന് പൊലീസ് വ്യക്തമാക്കി. ശേഷം ഇരുവരും നിഷാദിന്‍റെ സഹോദരിയുടെ വീട്ടിലേക്ക് പോയി. ദമ്പതികളെ കൂടാതെ നാലുപേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.

നിഷാദിന്‍റെ വക്കീലാണ് പെണ്‍കുട്ടിയുടെ മരണ വിവരം പൊലീസില്‍ അറിയിച്ചത്. തഞ്ചാവൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. അച്ഛന്‍ മരിച്ച പെണ്‍കുട്ടി കുടുംബ ബാധ്യതകള്‍ തീര്‍ക്കാനായാണ് വീട്ടുജോലിക്കായി ചെന്നൈയില്‍ എത്തിയത്. അമ്മ മാത്രമാണ് വീട്ടിലുള്ളത്. പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Police have arrested a couple in connection with the alleged torture and murder of a 15-year-old house maid in Chennai. According to investigators, the minor girl was subjected to torture, including burns from a hot iron and cigarette butts, before succumbing to her injuries at a flat at Mehta Nagar.