തിരുവനന്തപുരം പെരുമ്പഴുതൂരില്‍ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. കടയിലെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ക്വട്ടേഷന്‍ കൊലപാതകത്തിന് ശ്രമം. അക്രമികള്‍ പിടിയിലായെങ്കിലും ക്വട്ടേഷന്‍ നല്‍കിയവരെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്.

ഏഴ് ദിവസങ്ങള്‍ക്ക് മുന്‍പ്, രാത്രിയിലായിരുന്നു നെയ്യാറ്റിന്‍കര പെരുമ്പഴുതൂരിലെ വ്യാപാരി രാജനെ കൊല്ലാനുള്ള ആക്രമണം. കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ കാറില്‍ പിന്തുടര്‍ന്ന സംഘം രാജന്റെ സ്കൂട്ടറിനെ ഇടിച്ച് വീഴ്ത്തി. വാളിന് വെട്ടിയും കമ്പികൊണ്ട് അടിച്ചും ബോധം കെടുത്തി. മരിച്ചെന്ന് കരുതി കാറില്‍ കടന്നുകളഞ്ഞ സംഘത്തിലെ മൂന്ന് പേരെയാണ് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ സംഘം പിടികൂടിയത്. നെടുമങ്ങാട്സ്വദേശികളായ രഞ്ജിത്തും സാമും സുബിനും.

ക്വട്ടേഷന്‍ ആക്രമണമായിരുന്നൂവെന്ന് പ്രതികള്‍ സമ്മതിച്ചു. കടയിലെത്തിയ സ്ത്രീയോട് രാജന്‍ മോശമായി പെരുമാറിയതാണ് ക്വട്ടേഷന് കാരണമെന്നാണ് മൊഴി. ഇരുപതിനായിരം രൂപ ക്വട്ടേഷന്റെ അഡ്വാന്‍സ് തുകയായി വാങ്ങിയെന്നും സമ്മതിക്കുന്നു. പക്ഷെ സ്ത്രീ ഏതാണെന്നോ ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്നോ തുറന്ന് പറയുന്നില്ല. നെയ്യാറ്റിന്‍കര സ്വദേശിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സൂചന. ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

ENGLISH SUMMARY:

Quotation gang who tried to hack to death a trader in Thiruvananthapuram's Perumbazhuthur has been arrested