മകന്‍ ഓടിക്കുന്ന ബസില്‍ കണ്ടക്ടറായി അമ്മ, തങ്ങളുടെ ചരിത്രത്തിലെ കുഞ്ഞ് കൗതുകം പങ്കിടുകയാണ് കെ.എസ്.ആർ.ടി.സി. ആര്യനാട് സ്വദേശിയും സ്വിഫ്റ്റ് സർവ്വീസിലെ ആദ്യ വനിതാ ജീവനക്കാരിയുമായ യമുനയും മകന്‍ ശ്രീരാഗുമാണ് ഈ മനോഹര നിമിഷത്തില്‍ പങ്കാളികളായത്. നവംബര്‍ മൂന്നിന് ഞായറാഴ്ച കെഎസ്ആർടിസി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല- മെഡിക്കൽ കോളേജ് സ്വിഫ്റ്റ് ബസിന്‍റെ സാരഥികളായിരുന്നു ഈ അമ്മയും മകനും. അമ്മയുടെയും മകന്‍റെയും സ്നേഹയാത്ര ചിത്രങ്ങള്‍ സഹിതം കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകളുമായി നിരവധിപേരാണ് കമന്‍റുകളുമായെത്തുന്നത്.
കെഎസ്ആർടിസി പങ്കുവച്ച കുറിപ്പ് വായിക്കാം...
മകൻ സാരഥി, ചാരിതാർത്ഥ്യത്തോടെ കണ്ടക്ടർ അമ്മ: കെ.എസ്.ആർ.ടി.സിക്ക് ഇത് പുതുചരിത്രം
03.11.2024 ഞായറാഴ്ച കെ.എസ്.ആർ.ടി.സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല- മെഡിക്കൽ കോളേജ് സ്വിഫ്റ്റ് ബസിൽ സാരഥികൾ അമ്മയും മകനുമായിരുന്നു. ആര്യനാട് സ്വദേശിയും സ്വിഫ്റ്റ് സർവ്വീസിലെ ആദ്യ വനിതാ ജീവനക്കാരിയുമായ യമുനയായിരുന്നു കണ്ടക്ടർ. 2009 മുതൽ കെ.എസ്.ആർ.ടി.സി. ആര്യനാട് ഡിപ്പോയിലെ ബദല്‍ കണ്ടക്ടറായിരുന്ന യമുനക്ക് 2022 മുതൽ സ്വിഫ്റ്റിലാണ് ജോലി. മുഖ്യമന്ത്രിയിൽ നിന്ന് ആദ്യ ദിനം റാക്ക് വാങ്ങി ജോലിയിൽ പ്രവേശിച്ച യമുനയുടെ ചിരകാലസ്വപ്നമായിരുന്നു മകന്‍റെ ജോലി. ഡ്രൈവിങില്‍ കമ്പമുള്ള മകൻ ശ്രീരാഗിന് കഴിഞ്ഞ ആഴ്ചയാണ് കെ- സ്വിഫ്റ്റിൽ നിയമനം ലഭിച്ചത്. അമ്മക്കൊപ്പം ആദ്യ ഡ്യൂട്ടി ചെയ്യണമെന്ന ശ്രീരാഗിന്‍റെ ആവശ്യം കെഎസ്ആർടിസി അധികൃതർ ഇടപെട്ട് സാക്ഷാത്കരിച്ചു. ഞായറാഴ്ച ഇരുവരും ഒരുമിച്ച് സസന്തോഷം ഡ്യൂട്ടി ചെയ്തു. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം ഒരുമിച്ച് പങ്കിട്ട് കഴിച്ചതും, ഏറെ ശ്രദ്ധാപൂർവ്വം മകൻ ബസ് ഓടിച്ചതും അമ്മ യമുനക്ക് മനം നിറയെ ആഹ്ലാദം നൽകി.
27 വയസുകാരനായ ശ്രീരാഗ് വനം വകുപ്പിലെ താൽക്കാലിക ഡ്രൈവറായിരുന്നു. കണ്ടക്ടർ ലൈസൻസുള്ള ശ്രീരാഗിന് ഡ്രൈവറായി ജോലി ചെയ്യാനാണ് ഏറെ ഇഷ്ടം. അമ്മക്കൊപ്പമുള്ള ജോലിയും ആനവണ്ടി പ്രേമവും ശ്രീരാഗിനെ സ്വിഫ്റ്റ് ഉദ്യോഗത്തിൽ എത്തിച്ചു. വർക്ക്ഷോപ്പ് ജീവനക്കാരനായ ഭർത്താവ് രാജേന്ദ്രൻ ആശാരി, മുട്ടത്തറ എൻജിനീയറിംഗ് കോളേജിലെ താൽക്കാലിക ജീവനക്കാരനായ ഇളയ മകൻ സിദ്ധാർത്ഥ് എന്നിവർക്കൊപ്പം ആര്യനാട് ശ്രീരാഗ്ഭവനിലാണ് യമുനയും ശ്രീരാഗും താമസിക്കുന്നത്. അമ്മക്കും മകനും ഒപ്പമുള്ള സ്നേഹം നിറഞ്ഞ യാത്രകളുടെ മധുരത്തിലാണ് റൂട്ടിലെ യാത്രക്കാരും.