അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിക്കുകയും ബഹളം വയ്ക്കുകയും ചെയ്തുവെന്നാരോപിച്ച് യുവാവിനെക്കൊണ്ട് പൊലീസ് സ്വന്തം തുപ്പല് നക്കി തുടപ്പിച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ നസീറബാദിലാണ് സംഭവം. ഗ്രാമത്തലവന്‍റെ പ്രതിനിധിയായി പൊതുപാടി സംഘടിപ്പിച്ചയാളോട് പൊലീസ് മോശമായി പെരുമാറിയെന്നാണ് പരാതിയിലുള്ളത്. ഇയാളോട് പൊലീസ് രണ്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ആരോപണമുണ്ട്.
സുശീല്‍ ശര്‍മ എന്നയാളുടെ നേതൃത്വത്തില്‍ കപൂര്‍പുരിലാണ് ‘നൗതാങ്കി’ എന്ന പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബര്‍ മുപ്പതിനായിരുന്നു ഇത്. പരിപാടിക്കിടെ സുശീല്‍ ശര്‍മയും കൂട്ടരും മദ്യലഹരിയില്‍ മോശമായി പെരുമാറി എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ബഹളംവച്ചപ്പോള്‍ പൊലീസ് ഇടപെടുകയായിരുന്നുവെന്ന് റായ്ബറേലി എസ്.പി യശ്വീര്‍ സിങ് പറഞ്ഞു.
പൊലീസ് സംഘത്തോടും സുശീല്‍ ശര്‍മ മോശമായി പെരുമാറി. ഇതോടെ സുശീല്‍ ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതാണ് നടന്നതെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് തങ്ങളെ ശാരീരികമായി പൊലീസ് ഉപദ്രവിക്കുകയും തുപ്പല് നക്കിക്കുകയും ചെയ്തുവെന്നാണ് സുശീല്‍ പറയുന്നത്.
നസീറബാദ് എസ്.എച്ച്.ഒ ശിവകാന്ത് പാണ്ഡെ രണ്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും സുശീല്‍ പറയുന്നു. വിഷയത്തില്‍ എസ്.പിക്ക് രാഷ്ട്രീയ പഞ്ചായത്ത് രാജ് ഗ്രാം പ്രധാന്‍ സംഘതാന്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എസ്.പി വ്യക്തമാക്കി.