2004ലെ യുപി മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി ശരിവച്ചു.  നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച 8 ഹര്‍ജികള്‍ പരിഗണിച്ചാണ്  ചീഫ് ജസ്റ്റീസ്  ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ, ജെ.ബി.പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ് . മദ്രസകളുടെ ഭരണത്തില്‍ ഇടപെടാനുള്ളതല്ല യു.പിയിലെ നിയമം. മദ്രസനിയമം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിധി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തിരിച്ചടിയാണ്. 

മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്.  മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പദ്ധതി രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യംചെയ്ത് മദ്രസകളുമായി ബന്ധപ്പെട്ട വിവിധ വ്യക്തികളും സംഘടനകളുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച് ഏപ്രിലിൽ, ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

ENGLISH SUMMARY:

Supreme Court Upholds Validity Of UP Madarsa Education Act