കൊലപാതകക്കേസില്‍ ജയിലിലായിരുന്ന പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങി സ്വന്തം ഭാര്യയെയും മക്കളെയും വെടിവച്ചു കൊന്നതിനു ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. രാജേന്ദ്ര ഗുപ്ത എന്ന നാല്‍പത്തിയഞ്ചുകാരനാണ് ഭാര്യ നീതു ഗുപ്ത (43) മക്കളായ നവ്നേന്ദ്ര (25), സുബേന്ദ്ര (15), ഗൗരങ്കി (16) എന്നിവലെ കൊലപ്പെടുത്തിയത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയേയും മക്കളേയുമാണ് പ്രതി വെടിവച്ചത്.
ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. കൃത്യം നടപ്പാക്കിയതിനു ശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ രോഹണിയയില്‍ നിന്നാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ നിലയില്‍ രാജേന്ദ്ര ഗുപ്തയെ കണ്ടെത്തിയത്.
സമീപവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവ ദിവസം രാജേന്ദ്ര ഗുപ്തയും ഭാര്യയും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായിരുന്നു എന്ന് ഇയാളുടെ അമ്മ പൊലീസിന് മൊഴി നല്‍കി. ഈ തര്‍ക്കമാകാം ക്രൂര കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയം.
വിശദമായ അന്വേഷണം നടക്കുകയാണെന്നും കുടുംബാംഗങ്ങളുടെ മൊഴിയും തെളിവെടുപ്പും തുടരുകയാണെന്നും വാരണാസി ഡെപ്യൂട്ടി കമ്മീഷണര്‍ ഗൗരവ് ബന്‍സ്വാള്‍ വ്യക്തമാക്കി. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ വിശദപരിശോധന വേണമെന്നും അദ്ദേഹം അറിയിച്ചു. 1997ലാണ് കൊലക്കേസില്‍ രാജേന്ദ്ര ഗുപ്ത ജയിലിലായത്.