ആലപ്പുഴ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ സിപിഐ പ്രതിനിധിയായ നഗരസഭ വൈസ് ചെയർമാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വൈസ് ചെയര്‍മാന്‍ പിഎസ്എം ഹുസൈന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും അന്വേഷണോദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സിപിഎംകാരിയായ സ്ഥിരം സമിതി അധ്യക്ഷയെ കേസില്‍ നിന്ന് ഒഴിവാക്കിയ പോലീസിന്‍റെ പക്ഷപാതത്തിനും രാഷ്ട്രീയ വഞ്ചനയ്ക്കുമെതിരെ വെള്ളിയാഴ്ച സിപിഐ പ്രതിഷേധിക്കും
നഗരസഭയുടെ വിശ്രമകന്ദ്രത്തില്‍ വച്ച് ഒരു സംഘം മര്‍ദിച്ച താൽകാലിക ജീവനക്കാരെ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രശ്നമുണ്ടായത്. പരുക്കേറ്റ ജീവനക്കാര്‍ക്ക് ജനറൽ ആശുപത്രിയില്‍ മതിയായ ചികിൽസ നല്‍കിയില്ലെന്ന് ആരോപിച്ച് വൈസ് ചെയര്‍മാനും ഭരണകക്ഷി കൗൺസിലർമാരും ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വനിതാ ഡോക്ടറുടെ പരാതിയിൽ നഗരസഭ വൈസ് ചെയർമാന്‍ പി.എസ്.എം.ഹുസൈനും സ്ഥിരം സമിതി അധ്യക്ഷ എ.എസ്.കവിതയ്ക്കുമെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിരുന്നു. പീന്നീട് സിപിഎമ്മുകാരിയായ കവിതയെ കേസില്‍ നിന്ന് ഒഴിവാക്കി. പ്രതിയായ പിഎസ്എം ഹുസൈന് കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സ്റ്റേഷനിൽ നേരിട്ട് ഹാജരായ ഹുസൈൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. രാഷ്ട്രീയ വഞ്ചനയ്ക്കും, ആശുപത്രി സംരക്ഷണ നിയമ ദുരുപയോഗത്തിനും പോലീസ് പക്ഷപാതത്തിനുമെതിരെ വെള്ളിയാഴ്ച സിപിഐ ആലപ്പുഴയില്‍ പ്രതിഷേധ സംഗമം നടത്തും.