തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബിനെ കാണാതായ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഷഫീഖ്, ഫൈസല്‍, അജ്മല്‍ എന്നിവരാണ് പിടിയിലായത്. പോക്സോ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇവര്‍ പി.ബി.ചാലിബില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തു.
ബുധനാഴ്ച വൈകിട്ട് മുതല്‍ മലപ്പുറത്തു നിന്നും കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി.ബി. ചാലിബ് പിന്നീട് ഭാര്യയെ ഫോണില്‍ വിളിക്കുകയായിരുന്നു. ചാലിബിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചതിന് പിന്നാലെയാണ് ആശ്വാസം നല്‍കുന്ന ഫോണ്‍കോളെത്തിയത്. ബുധനാഴ്ച വൈകിട്ട് താലൂക്ക് ഒാഫീസില്‍ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ ചാലിബിന് വേണ്ടിയുളള അന്വേഷണം തുടരുന്നതിനിടെയാണ് വിളിയെത്തിയത്. താന്‍ സുരക്ഷിതനായുണ്ടെന്നും മടങ്ങി എത്താമെന്നുമാണ് അറിയിച്ചത്. കുടുംബവുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന മികച്ച ഉദ്യോഗസ്ഥനാണ് ചാലിബ്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് പി.ബി.ചാലിബ് വീട്ടിലെത്തിയത്. മാനസികപ്രയാസം മൂലമാണ് നാടുവിട്ടതെന്ന് ചാലിബ് പറഞ്ഞന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.