കണ്ണൂര്‍ പയ്യന്നൂരിലെ കടകളില്‍ പൊലീസുകാരന്‍ ചമഞ്ഞ് പണം തട്ടിയയാളെ പിടികൂടി. തളിപറമ്പ് ചവനപ്പുഴ സ്വദേശി ജെയ്സനാണ് പിടിയിലായത്. തളിപറമ്പ് ടൗണില്‍ നിന്ന് സമാന തട്ടിപ്പുനടത്തുന്നതിനിടെ നാട്ടുകാര്‍ ജെയ്സനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം ഹൈവേ പൊലീസ് ചമഞ്ഞ് പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പിൽ നിന്നും പണം തട്ടിയ ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഫാര്‍മസിയിലെത്തിയ ഇയാള്‍ ഹൈവേ പൊലീസിലെ ജെയ്സാണ്, എസ്ഐയാണ് എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ഫാര്‍മസിയില്‍ ഇരുന്ന യുവതിയോട് 410 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ തന്നെ എടുത്ത് തിരിച്ചുതാരം എന്നു പറഞ്ഞാണ് ഇയാള്‍ പണം കൈക്കലാക്കുന്നത്. ഓട്ടോ കൂലി കൊടുക്കാനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
യുവതി ആദ്യം പണം നല്‍കാന്‍ മടിക്കുന്നതും മാനേജരോട് ചോദിച്ചിട്ട് തരാമെന്നും പറയുന്നുണ്ട്. എന്നാല്‍ അതൊന്നും വേണ്ടെന്നു പറഞ്ഞ ജെയ്സണ്‍ ഇപ്പോള്‍ തന്നെ എടുത്തു തരാമെന്നു ഉറപ്പു പറഞ്ഞ്, നിര്‍ബന്ധിച്ച് യുവതിയില്‍ നിന്നും പണം കൈക്കലാക്കുകയായിരുന്നു. അവസാനം ഉള്ളത് തന്നാല്‍ മതിയെന്നും യുവതി ഇയാള്‍ക്ക് പണം കൊടുക്കുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. നാണക്കേടാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ പണം വാങ്ങുന്നതും.
തട്ടിപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. രണ്ട് മാസമായി മറ്റു കടകളിൽ നിന്നും പണം തട്ടിയ ഇയാള്‍ക്കായി പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് ജെയ്സനെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിന് കൈമാറുന്നത്. ഇന്ന് തളിപ്പറമ്പ് ടൗണില്‍ പണം തട്ടാന്‍ ശ്രമിക്കുമ്പോഴാണ് ജെയ്സണ്‍ പിടിയിലാകുന്നത്. സ്ഥിരം മദ്യപാനിയാണ് ഇയാളെന്നും മദ്യം വാങ്ങാനാണ് പണം തട്ടുന്നതെന്നും പൊലീസ് പറഞ്ഞു. തളിപ്പറമ്പ്, പിലാത്തറ, ഏഴിലോട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് എസ്ഐ ആണെന്ന് പരിചയപ്പെടുത്തി പണം വാങ്ങായിരുന്നത്.