തൃശൂര്‍ കുന്നംകുളത്ത് വീട്ടില്‍ നിന്ന് മുപ്പത്തിയഞ്ചു പവന്‍റെ സ്വര്‍ണം കവര്‍ന്നു. മുകള്‍നിലയിലെ വാതില്‍ തകര്‍ത്ത് അകത്തുക്കയറിയ മോഷ്ടാവ് ലോക്കര്‍ സഹിതമാണ് തട്ടിയെടുത്തത്.
റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥ മാത്രമായിരുന്നു വീട്ടില്‍. തപാല്‍ ഉദ്യോഗസ്ഥനായ മകനും ഭാര്യയും ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്നു രാവിലെ മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. അര്‍ധരാത്രിയ്ക്കു ശേഷം എന്തോ ശബ്ദം അമ്മ കേട്ടിരുന്നു. തനിച്ചായതിനാല്‍, വാതില്‍ തുറന്ന് നോക്കിയില്ല. കള്ളനുമായി മുഖാമുഖം അമ്മ കണ്ടിരുന്നെങ്കില്‍ ആക്രമിക്കപ്പെടുമായിരുന്നു. കുന്നംകുളം നഗരത്തില്‍ തന്നെയുള്ള ശാസ്ത്രിനഗര്‍ റോഡിലാണ് കവര്‍ച്ച നടന്നത്. തൊട്ടടുത്ത വീട്ടില്‍ രണ്ടു വര്‍ഷം മുമ്പ് തൊണ്ണൂറു പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. അന്ന് കവര്‍ച്ച നടത്തിയ കള്ളനെ പൊലീസ് പിടികൂടിയിരുന്നു.
അടുത്തുതന്നെയുള്ള മറ്റൊരു വീടിന്‍റെ വാതിലും കുത്തിതുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കമ്പിപ്പാര കണ്ടെടുത്തു. വിരലടയാള വിദഗ്ധരും പൊലീസും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടരുകയാണ്. കള്ളന്‍മാരുടെ ശല്യം കുന്നംകുളം നിവാസികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.