പ്രണയബന്ധം തകര്‍ക്കാന്‍ മകളെ അമേരിക്കയിലേക്ക് അയയ്ക്കാന്‍ ശ്രമിച്ച കാമുകിയുടെ പിതാവിന് നേര്‍ക്ക് വെടിവച്ച് യുവാവ്. ഹൈദരാബാദിലെ വെങ്കടേശ്വര കോളനിയിലാണ് സംഭവം. രേവന്ത് ആനന്ദ്(57) എന്നയാളുടെ കണ്ണിനാണ് വെടിയേറ്റത്. മകളുടെ കാമുകനായ ബല്‍വിന്ദര്‍ സിങു(25)മായുള്ള വാക്കുതര്‍ക്കത്തിനിടയിലാണ് രേവന്ത് ആനന്ദിന് വെടിയേല്‍ക്കുന്നത്.
ബല്‍വിന്ദറും ബിസിനസുകാരനായ രേവന്ത് ആനന്ദിന്‍റെ മകളും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇവരുടെ പ്രണയബന്ധം പിതാവ് എതിര്‍ത്തു. തുടര്‍ന്നാണ് മകളെ അമേരിക്കയിലേക്ക് അയയ്ക്കാന്‍ ഇയാള്‍ തീരുമാനിച്ചത്.
കണ്ണിന് വെടിയേറ്റ രേവന്തിന്‍റെ നില ഗുരുതരമാണ്. വിവരം അറിഞ്ഞ് എത്തിയ പൊലീസ് ആണ് ഇയാളെ ആശുപത്രിയിലാക്കിയത്. എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത ശേഷം ബല്‍വിന്ദര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.