സ്വകാര്യ ബാങ്കിന്‍റെ പേരില്‍ വ്യാജരേഖകള്‍ ചമച്ച് വാഹനങ്ങള്‍ മറച്ചുവിറ്റ് കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവ് കൊച്ചിയില്‍ അറസ്റ്റില്‍. മുംബൈയിലെ താമസക്കാരനായ ഇടുക്കി സ്വദേശി സൗജി മാത്യുവിനെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. ബാങ്കിന്‍റെ താത്കാലിക ജീവനക്കാരനായിരുന്ന സൗജി ഇരുപതിലേറെ വാഹനങ്ങള്‍ മറച്ചുവിറ്റ് രണ്ടരക്കോടിയിലേറെ രൂപയാണ് തട്ടിയത്.
മുംബൈയില്‍ കല്യാണിലെ ആഡംബര ഫ്ലാറ്റുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തന്ത്രപൂര്‍വമാണ് എറണാകുളം എസിപിയുടെ സ്ക്വാഡ് അംഗങ്ങളും പാലാരിവട്ടം പൊലീസും പിടികൂടിയത്. കേസെടുത്തതിന് പിന്നാലെ കേരളം വിട്ട സൗജി മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡ് കമ്പനിയുടെ പേരിലാണ് സൗജി വാഹനയുടമകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയത്. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കാര്‍ വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയ വാഹനയുടമകളെയാണ് സൗജി തട്ടിപ്പിനിരയാക്കിയത്. ബാങ്കില്‍ നിന്ന് വായ്പ കുടിശിക വരുത്തിയ 56 വാഹനങ്ങളുടെ വ്യാജ എന്‍ഒസി ഇയാള്‍ തയാറാക്കി സൂക്ഷിച്ചിരുന്നു.
വാടകയ്ക്ക് താമസിച്ചിരുന്ന കളമശേരിയിലെ വീട്ടില്‍ നിന്ന് വ്യാജ എന്‍ഒസികള്‍, ഹോളോഗ്രാം എന്നിവയും ഇത് തയാറാക്കാന്‍ ഉപയോഗിച്ച വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. 2007ല്‍ മുംബൈയില്‍ വ്യാജ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ കേസിലും സൗജി പ്രതിയാണ്.