സ്വകാര്യ ഏജൻസി പണിമുടക്കിയതോടെ പ്രതിസന്ധിയിലായ കൊച്ചി തൃക്കാക്കരയിലെ മാലിന്യ നീക്കം സാധാരണഗതിയിൽ. നഗരസഭ കൃത്യമായി പണം നൽകുന്നില്ല എന്ന് ആരോപിച്ചായിരുന്നു സ്വകാര്യ ഏജൻസി മാലിന്യം എടുക്കാതായത്. കഴിഞ്ഞദിവസം കുടിശ്ശിക തീർത്തതോടെ, മാലിന്യ നീക്കം സുഗമമായി.
ഒരു വർഷത്തോളമായി തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിൽ മാലിന്യം ശേഖരിക്കുന്നത് തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസിയാണ്. വീടുകളിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിച്ച് നഗരസഭയുടെ സംഭരണ കേന്ദ്രത്തിലെത്തിക്കുന്ന ജൈവ മാലിന്യം അവിടെനിന്ന് ഏജൻസി ഏറ്റെടുക്കുകയയാണ് പതിവ്. എന്നാൽ നഗരസഭ കൃത്യമായി പണം നൽകുന്നില്ല എന്ന് ആരോപിച്ച് കുറച്ചു ദിവസങ്ങളായി ഏജൻസി മാലിന്യം എടുക്കുന്നത് നിർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് നോട്ടീസും നൽകി. നഗരസഭ കെട്ടിടത്തിനും സ്വകാര്യ ബസ് സ്റ്റാൻഡിനും സമീപത്തെ സംഭരണ കേന്ദ്രത്തിൽ മാലിന്യം കുന്നു കൂടിയതോടെ ദുർഗന്ധവും രൂക്ഷമായി. ഇതിന് പിന്നാലെയാണ്, നഗരസഭ കുടിശ്ശിക അടച്ചു തീർത്തത്. ഇതോടെ സ്വകാര്യ ഏജൻസി, മാലിന്യം നീക്കാനെത്തി. നഗരസഭയ്ക്ക് മാലിന്യ നീക്കത്തിന് ഈ സാമ്പത്തിക വർഷത്തിൽ അനുവദിച്ച പ്ലാൻ ഫണ്ടിലെ ഒരുകോടി രൂപ തീർന്നതാണ് കുടിശ്ശിക ഉണ്ടാവാൻ കാരണം. ഇതര ഫണ്ടുകളിൽ നിന്ന് പണമെടുത്താണ് ഇപ്പോൾ സ്വകാര്യ ഏജൻസിയുടെ ബാധ്യത തീർതത്തെന്നു നഗരസഭ ചെയർപേഴ്സൺ രാധാമണിപ്പിള്ള പറഞ്ഞു.