സാധാരണ കഞ്ചാവ് വേട്ടകളില്‍ നിന്ന് വ്യത്യാസമാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും കഴിഞ്ഞ ദിവസമുണ്ടായ അറസ്റ്റ്. സ്വന്തം അപ്പാര്‍ട്ട്മെന്‍റ് കഞ്ചാവ് നഴ്സറിയാക്കി മാറ്റി ആധുനിക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി നടത്തിയ രാഹുല്‍ ചൗധരി എന്ന യുവാവിനെയാണ് പൊലീസും നല്‍ക്കോട്ടിക് സെല്ലുംചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. അന്വേഷണ സംഘത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് യുവാവ് അപ്പാര്‍ട്ട്മെന്‍റിലൊരുക്കിയിരുന്നത്.
'ഒജി' എന്ന വിളിപ്പേരുള്ള പ്രീമിയം ക്വാളിറ്റി കഞ്ചാവാണ് രാഹുല്‍ ചൗധരി കൃഷി ചെയ്തിരുന്നത്. നാല് മാസങ്ങളിലായി 50 പോട്ടുകളിലായിരുന്നു കൃഷി. കഞ്ചാവ് കൃഷി പുറത്തറിയുമെന്ന ഭയത്തില്‍ സൂര്യപ്രകാശം പോലും കാണിക്കാതെയായിരുന്നു കൃഷി. ഇതിനായി അപ്പാര്‍ട്ട്മെന്‍റിനെ കഞ്ചാവ് നഴ്സറിയാക്കി. സൂര്യപ്രകാശത്തിന്‍റെ അഭാവം പരിഹരിക്കാന്‍ പ്രത്യേക ലൈറ്റ് സജ്ജീകരണങ്ങളും റൂമില്‍ ഒരുക്കി. റൂമിലെ താപനില ക്രമീകരിക്കുന്നതിന് എയര്‍കണ്ടീഷന്‍ സംവിധാനങ്ങവും രാസവളങ്ങളും ഉണ്ടായിരുന്നു.
100-110 ദിവസമാണ് രാഹുലിന്‍റെ പ്രീമിയം കഞ്ചാവ് ചെടികള്‍ വളരാന്‍ ആവശ്യമായി വന്നിരുന്നത്. ഓരോ ചെടിയും പരിപാലിക്കാനായി 5,000-7,000 രൂപ വരെയാണ് ചെലവ് വന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇവ ഡാര്‍ക്ക് വെബ് വഴിയായിരുന്നു വില്‍പ്പന. 50,000-60,000 രൂപയ്ക്കാണ് ഇവ വില്‍പ്പന നടത്തിയത്. ഇതുവരെ 20 ലധികം ചെടികളാണ് യുവാവ് വില്‍പ്പന നടത്തിയത്. 80 കഞ്ചാവ് ചെടികളും രണ്ട് കിലോ കഞ്ചാവും അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ഇവയ്ക്ക് 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുമെന്ന് പൊലീസ് പറഞ്ഞു.
ഇംഗ്ലീഷ് ബിരുദധാരിയായ രാഹുല്‍ ചൗധരി വെബ്സീരിസില്‍ നിന്നും ആകൃഷ്ടനായാണ് കഞ്ചാവ് കൃഷിയിലേക്ക് ഇറങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ നിന്നും തിരയുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.