ബാങ്കോക്കിൽ നിന്ന് കടത്തിയ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. രണ്ടേകാൽ കോടി രൂപയുടെ കഞ്ചാവുമായി വന്ന യുവാവിനെ നെടുമ്പാശേരിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. എയർ ഏഷ്യാ വിമാനത്തിലെ യാത്രക്കാരനായ ഫവാസാണ് കസ്‌റ്റംസിന്റെ പരിശോധനയിൽ കുടുങ്ങിയത്.
ഡിആർഐ കണ്ണൂർ യൂണിറ്റ് കൈമാറിയ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു കസ്‌റ്റംസിന്റെ പരിശോധന. ബാഗേജിൽ 17 ബാഗുകളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. എട്ട് കിലോയോളം തൂക്കം വരുന്ന ഹൈബ്രിഡ് സാധനത്തിന് രണ്ടേകാൽ കോടി രൂപയില്‍ അധികം വില വരും.
ബാങ്കോക്കിൽ ഉല്‍പ്പാദിപ്പിക്കുന്ന മുന്തിയ ഇനം കഞ്ചാവാണിത്. ഇത് തന്ത്രപൂര്‍വം കസ്റ്റംസിനെ വെട്ടിച്ച് കേരളത്തിലെത്തിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നതാണ് ഫവാസിന്‍റെ രീതിയെന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കോഴിക്കോട്, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് ഹൈബ്രിഡ് കഞ്ചാവ് മാഫിയയുടെ പ്രവർത്തനം.