TOPICS COVERED

തൃശൂര്‍ കുറുമ്പിലാവില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫിസ് ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. പഴുവില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളില്‍ ഭീഷണി മുഴക്കിയതിന്റെ പേരില്‍ പൊലീസ് തിരയുന്ന യുവാവ് ജീവനൊടുക്കിയതിന്റെ പിന്നാലെയാണ് ആക്രമണം. ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികള്‍ സിപിഐയുടെ പ്രാദേശിക നേതാക്കളാണ്.  അക്രമികളെ വേഗം പിടികൂടിയില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.വല്‍സരാജ് മുന്നറിയിപ്പ് നല്‍കി.  

പഴുവില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠി ആഘോഷത്തിന്റെ തലേന്ന് ശ്രീകോവിലിനുള്ളില്‍ കയറി യുവാവ് ഭീഷണി മുഴക്കിയിരുന്നു. പഴുവില്‍ സ്വദേശി പ്രശാന്താണ് അക്രമം കാട്ടിയത്. ഇക്കാര്യം, ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികള്‍ പൊലീസിനെ രേഖാമൂലം അറിയിച്ചു. സിപിഐ ലോക്കല്‍ സെക്രട്ടറിയായ എ.ബി.ജയപ്രകാശാണ് ക്ഷേത്ര ഉപദേശക സമിതി അംഗം.  ജയപ്രകാശിന്റെ വീട് ആദ്യം ആക്രമിക്കപ്പെട്ടു. ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായ പി.എ.ദേവീദാസന്റെ വീടും ആക്രമിക്കപ്പെട്ടു. പ്രതിയായ പ്രശാന്തിനെ പൊലീസ് തിരഞ്ഞിരുന്നു. ഇതിനിടെയാണ്, പ്രശാന്ത് ജീവനൊടുക്കിയത്. ഇതിനു പിന്നാലെ, സിപിഐ കുറുമ്പിലാവ് ലോക്കല്‍ കമ്മിറ്റി ഓഫിസാണ് ഗുണ്ടകള്‍ അടിച്ചു തകര്‍ത്തത്. നട്ടുച്ചയ്ക്കായിരുന്നു മൂന്നംഗ സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഓഫിസ് തല്ലിതകര്‍ത്തത്. 

അക്രമികളെ പിടികൂടാന്‍ അന്തിക്കാട് പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ക്ഷേത്രം ഉപദേശക സമിതി അംഗങ്ങള്‍ക്ക് ഗുണ്ടകളുടെ ഭീഷണിയുണ്ട്.