TOPICS COVERED

പഴയ സ്വർണാഭരണങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് കാറില്‍ കടത്തിക്കൊണ്ടുപോയി പണവും മൊബൈല്‍ഫോണും കവര്‍ന്ന സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ കൊല്ലം പുനലൂരില്‍ പൊലീസ് പിടികൂടി. കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി അഞ്ചര ലക്ഷം രൂപയും മൊബൈൽ ഫോണുമാണ് പ്രതികള്‍ കവര്‍ന്നത്. സംഘത്തിലെ രണ്ടുപേര്‍ക്കായി അന്വേഷണം തുടരുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.   

ആലപ്പുഴ മാന്നാർ കാവാലം കുന്നമ്മക്കര പുത്തൻവീട്ടിൽ അരുണ എന്ന് വിളിക്കുന്ന കുഞ്ഞുമോൾ, ഇവരുടെ ഡ്രൈവർ തിരുവനന്തപുരം പോത്തൻകോട് സ്വദേശി അശ്വിൻ എന്ന് വിളിക്കുന്ന നിജാസ് എന്നിവരാണ് പിടിയിലായത്. വിവിധ ജ്വല്ലറികളിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷിനെ ആക്രമിച്ച് പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. 

പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുഞ്ഞുമോള്‍ ഗിരീഷിനെ ആലപ്പുഴയില്‍ നിന്ന് കാറില്‍ കയറ്റി പുനലൂരിലേക്ക് കൊണ്ടുവന്നത്. കുഞ്ഞുമോളുമായി പരിചയമുളള ശ്രീകുമാറും മറ്റൊരാളും പുനലൂരില്‍ കാത്തു നിന്നിരുന്നു. ശ്രീകുമാറുമായുളള സംസാരത്തിനിടെ സ്വർണം കാണാതെ പൈസ തരില്ല എന്ന് ഗിരീഷ് പറഞ്ഞത് പ്രതികള്‍ക്ക് പ്രകോപനമായി. തുടര്‍ന്ന് ഗിരീഷിനെ ചെമ്മന്തൂർ പകിടിയിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് എത്തിക്കുകയും കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി അഞ്ചരലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു. ശ്രീകുമാറിനൊപ്പം ഉണ്ടായിരുന്നയാള്‍ കമ്പി വടിയെടുത്ത് ഗിരീഷിന്റെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു. പണവും മൊബൈല്‍ഫോണുമായി പ്രതികള്‍ സ്ഥലംവിട്ടു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഗിരീഷിനെ ഓട്ടോറിക്ഷയിൽ കയറ്റി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പൊലീസ് സിസിടിവി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് കാറില്‍ രക്ഷപെട്ട കുഞ്ഞുമോളെയും ‍‍‍ഡ്രൈവര്‍ നിജാസിനെയും പിടികൂടിയത്.