ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്തില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന 55 കിലോ ചന്ദനവുമായി അഞ്ച് അന്തർസംസ്ഥാന ചന്ദന മോഷ്ടാക്കൾ പിടിയിൽ. സന്യാസിയോടയിൽ നിന്ന് ചന്ദനം മോഷ്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെയാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ചന്ദനവും ചന്ദനം കടത്താൻ ഉപയോഗിച്ച കാറും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.
സന്യാസിയോട സ്വദേശികളായ ബിജു അജികുമാർ, എസ് ഷിബു, തൂക്കുപാലം സ്വദേശി സച്ചു ബാബു, ചോറ്റുപാറ സ്വദേശി ബാബു ജോസഫ്, രാമക്കൽമേട് സ്വദേശി ഹസൻ കുഞ്ഞ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം 45 കിലോ ചന്ദനത്തടിയും ആയുധങ്ങളുമായി പൊലീസ് മുൻ തണ്ടർബോൾട്ട് അംഗം ഉടുമ്പന്നൂർ സ്വദേശി സുനീഷ് ചെറിയാൻ വനം വകുപ്പിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കൂട്ടാളികൾ പിടിയിലായത്.
കേരളത്തിൽ നിന്നും മോഷ്ടിക്കുന്ന ചന്ദനം തമിഴ്നാട്ടിലെത്തിച്ച് വിൽക്കുന്നതായിരുന്നു ഇവരുടെ രീതി. സംഘത്തിലെ പ്രധാന കണ്ണി ലഗീരൻ എന്ന് വിളിക്കുന്ന കണ്ണൻ കർണാടകത്തിലേക്ക് കടന്നതായാണ് സൂചന. അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് മുൻപ് നടന്ന ചന്ദനമോഷണ കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന് വനം വകുപ്പ് അന്വേഷിച്ചുവരികയാണ്.