വടക്കന്‍ പറവൂരില്‍ കുറുവ ഭീതി നിലനില്‍ക്കെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇതരസംസ്ഥാനക്കാരെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. കല്ലും റൂട്ട്മാപ്പും മുളകുപൊടിയുമായി രണ്ട് പേരെയാണ് ഇന്നലെ രാത്രിയും ഇന്ന് പകലും ടൗണില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ കവര്‍ച്ചയില്‍ ഇരുവര്‍ക്കും പങ്കില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
അപരിചിതരെ കണ്ടാല്‍ അറിയിക്കണമെന്ന പൊലീസിന്‍റെ നിര്‍ദേശമാണ് നാട്ടുകാര്‍ പാലിച്ചത്. കണ്ണന്‍കുളങര ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാത്രി പത്ത് മണിക്കാണ് ആദ്യത്തെയാളെ കണ്ടെത്തുന്നത്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ല, ബാഗ് പരിശോധിച്ചപ്പോള്‍ മുളകുപൊടിയും കല്ലുകളും. പൊലീസിനെ വിളിച്ച് ആളെ ഏല്‍പ്പിച്ചു. പകല്‍ വെടിമറ ഭാഗത്ത് രണ്ടാമന്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. തലയില്‍ വെട്ടേറ്റതിന് സമാനമായ പാട്. മുഷിഞ്ഞ വേഷം, ബാഗില്‍ പേപ്പറില്‍ എന്തോ തമിഴില്‍ കുത്തിക്കുറിച്ച് റൂട്ട് മാപ്പ് പോലെ രേഖപ്പെടുത്തിയിരിക്കുന്നു. കല്ലും കുപ്പിചില്ലടക്കം ബാഗില്‍.
രണ്ടാമനെയും പറവൂര്‍ പൊലീസിനെ ഏല്‍പ്പിച്ചു നാട്ടുകാര്‍. പിടികൂടിയ ഇരുവരും വഴിയില്‍ അലഞ്ഞുതിരിയുന്നവരാണെന്നും മോഷണത്തില്‍ പങ്കില്ലെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. നാട്ടില്‍ കാണുന്ന ഇതരസംസ്ഥാനക്കാരെയെല്ലാം സംശയനിഴലില്‍ നിര്‍ത്തുന്ന നിലയില്‍ കളം മാറുകയാണ്. പറവൂരിലെ മോഷ്ടാക്കളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ വിഷയം സങ്കീര്‍ണമാകും. ഡ്രോണടക്കമുള്ള നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കൃത്യമായ സൂചനകള്‍ ലഭിച്ചെന്നും രണ്ട് ദിവസത്തിനകം മോഷ്ടാക്കള്‍ വലയിലാകുമെന്നാണ് പൊലീസിന്‍റെ ആത്മവിശ്വാസം.