കൊല്ലത്ത് ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഒന്നാംപ്രതി ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷം പിടിയിലായി. വര്‍ക്കല സ്വദേശി ഇക്ബാലിനെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

1997 ജൂലൈ പതിനാറിനാണ് കേസിനാസ്പദമായത് നടന്നത്. കുളത്തൂപ്പുഴയിൽ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു സ്വകാര്യ ബസില്‍ കയറിയ അഞ്ചല്‍ സ്വദേശിനിയായ യുവതിയാണ് പീഡ‍നത്തിനിരയായത്. ബസ് യാത്രക്കാരിയായ ഇരുപത്തിയാറുകാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് ബസില്‍ നിന്ന് ഇറക്കുകയും പിന്നീട് കാറില്‍ കടത്തിക്കൊണ്ടുപോയി പരവൂര്‍, വര്‍ക്കല എന്നിവിടങ്ങളില്‍ താമസിപ്പിച്ച് പീ‍‍ഡിപ്പിക്കുകയുമായിരുന്നു. 

ബസുടമയുടെ മകനും ബസിലെ കണ്ടക്ടറുമായിരുന്നു പിടിയിലായ ഇക്ബാല്‍. അഞ്ചല്‍ പൊലീസ് ഇക്ബാല്‍ ഉള്‍പ്പടെയുള്ള നേരത്തെ പ്രതികളെ പിടികൂടിയിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒളിവില്‍ പോയ പ്രതി എറണാകുളം ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ രഹസ്യമായി താമസിച്ച ശേഷം വിദേശത്തേക്ക് കടന്നു. പലതവണ ഇക്ബാലിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. 

എന്നാല്‍ അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇക്ബാല്‍ നാട്ടിലെത്തിയെന്ന് അഞ്ചൽ പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വര്‍ക്കല ശ്രീനിവാസപുരം സ്വദേശി സജീവിനെ തിരുവനന്തപുരം ചെങ്കോട്ടുകോണത്തു നിന്ന് കഴിഞ്ഞ ഏപ്രിലില്‍ അഞ്ചല്‍‌ പൊലീസ് പിടികൂടിയിരുന്നു.

ENGLISH SUMMARY:

gang-rape case: Arrest after 27 years