കള്ളൻമാർ പ്രദേശത്തുണ്ടെന്ന പൊലീസ് മുന്നറിയിപ്പിന് പിന്നാലെ രാത്രിയിൽ ഉറങ്ങാതെ ലൈറ്റിട്ട് കാവലിരുന്ന വീട്ടിൽ തന്നെ കള്ളൻ കയറി. വൈക്കം വെള്ളൂർ സ്വദേശി ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് 25,000 രൂപ മോഷണം പോയത്. വീട്ടുകാർ ഉറങ്ങിപ്പോയതോടെ കുറ്റി ഇടാത്ത വാതിലിലൂടെ കയറിയായിരുന്നു മോഷണം
നാട്ടുകാരെ മുഴുവൻ ശല്യം ചെയ്തിരുന്ന കള്ളൻ പരിസരത്ത് എത്തിയിട്ടുണ്ടെന്നും എല്ലാവരും ലൈറ്റുകൾ ഇട്ട് ജാഗ്രതയോടെ ഇരിക്കണമെന്നും നിർദ്ദേശം കൊടുത്ത് വെള്ളൂർ പൊലീസ് മടങ്ങി. ഇതനുസരിച്ച് വെള്ളൂർ സ്വദേശിയായ ഗോപാലകൃഷണൻ ലൈറ്റുകളിട്ട് ജാഗ്രതയോടെ കാത്തിരുന്നു. പുലർച്ചെ 4:30 ആയതോടെ ഒന്നു മയങ്ങി. കുറ്റിയിടാതിരുന്ന വാതിലിലൂടെ അകത്തു കടന്ന കള്ളൻ 25,000 രൂപയും കൊണ്ട് കടന്നു
വീട്ടിലുണ്ടായിരുന്ന മുക്കുപണ്ടങ്ങളും കൈക്കലാക്കിയിരുന്നെങ്കിലും എല്ലാം കൃത്യമായി തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിച്ചിട്ടുണ്ട്. പ്രദേശത്തെ തന്നെ ഒരു ഹോട്ടലിന്റെ പിൻവാതിൽ കുത്തി തുറന്ന് അയ്യായിരം രൂപ കവർന്നശേഷമായിരുന്നു ഗോപാലകൃഷ്ണന്റെ വീട്ടിലെത്തിയുള്ള മോഷണം. കുറുവാ സംഘങ്ങളോട് സമാനമായ രീതിയിലാണ് വസ്ത്രധാരണവും മോഷണ രീതിയും എങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഡോഗ് സ്ക്വഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി