സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13.61 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച് കള്ളന്‍മാര്‍. തെലങ്കാനയിലെ വാറങ്കലിലാണ് വന്‍ കൊള്ള നടന്നത്. പിടിക്കപ്പെടാതിരിക്കാന്‍ സിസിടിവിയുടെ റെക്കോര്‍ഡറടക്കം മോഷ്ടിച്ചാണ് കള്ളന്‍മാര്‍ കടന്നുകളഞ്ഞത്. തെലങ്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളക്കാരെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
തിങ്കളാഴ്ച രാത്രിയോടെയാണ് വാറങ്കലിലെ രായപാര്‍തി എസ്ബിഐ ശാഖ കൊള്ളയടിക്കപ്പെട്ടത്. സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 19 കിലോ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് സ്ട്രോങ് റൂം തകര്‍ത്തതെന്ന് പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് ബാങ്കിന്‍റെ ഉള്‍ഭാഗം അലങ്കോലപ്പെട്ട് കിടക്കുന്നതും ലോക്കറുകള്‍ പൊളിഞ്ഞു കിടക്കുന്നതും കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സ്വര്‍ണം ഈടായി നല്‍കി വായ്പയെടുത്തവരുടേതാണ് നഷ്ടപ്പെട്ട ആഭരണങ്ങള്‍. സ്വകാര്യ ലോക്കറുകളിലെ സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ആഭരണം നഷ്ടപ്പെട്ടവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്‍ഷൂറന്‍സ് ഉള്ളതാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച രാത്രിയോടെ എത്തിയ മോഷ്ടാക്കള്‍ ബാങ്ക് കെട്ടിടത്തിന്‍റെ പിന്നിലെ വാതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ആദ്യം തകര്‍ത്തു. ഇതുവഴി അകത്ത് കടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. ബാങ്കിന് രാത്രിയില്‍ സുരക്ഷാ ജീവനക്കാരന്‍ ഇല്ലാത്തതും കള്ളന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. മോഷണത്തിന് ശേഷം ഗ്യാസ് കട്ടര്‍ ബാങ്കില്‍ ഉപേക്ഷിച്ചാണ് സംഘം കടന്നത്. ഫൊറന്‍സിക് സംഘം ബാങ്കിനുള്ളില്‍ പരിശോധന നടത്തി. നിസാമാബാദ് ജില്ലയില്‍ 2022 ല്‍ നടന്നതിന് സമാനമായ ബാങ്ക് കൊള്ളയാണിതെന്നും പൊലീസ് പറയുന്നു.
അതിവിദഗ്ധമായി നടത്തിയ മോഷണമായതിനാല്‍ കള്ളന്‍മാരെ തിരിച്ചറിയാന്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു. വാറങ്കല്‍– ഖമ്മം ദേശീയപാതയിലും പരിശോധന ശക്തമാക്കി. ചുരുക്കം ചില വീടുകള്‍ മാത്രമാണ് പ്രദേശത്തുള്ളത്. പുലര്‍ച്ചെ അസാധാരണ ശബ്ദങ്ങള്‍ കെട്ടെങ്കിലും ആളുകള്‍ ശ്രദ്ധിച്ചില്ലെന്നും പൊലീസ് പറയുന്നു.