മലപ്പുറം പെരിന്തൽമണ്ണ ടൗണിൽ  ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി രണ്ടേകാൽ കോടിയുടെ സ്വർണം കവർന്നു. സ്കൂട്ടറിൽ സഞ്ചരിച്ച ജ്വല്ലറി ഉടമയെയും സഹോദരനെയും കാറിൽ പിന്തുടർന്ന സംഘം ആണ് ആക്രമിച്ച് മൂന്നര കിലോ  സ്വർണ്ണം തട്ടിയത്. പരുക്കേറ്റ  ജ്വല്ലറി ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരിന്തൽമണ്ണ ഊട്ടി റോഡിലെ കെ എം ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന  ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ജൂബിലി ജംക്ഷന് സമീപത്തെ സ്വന്തം വീടിനു മുന്നിൽ വച്ചാണ് ആക്രമിച്ചത്.  പിന്തുടർന്നെത്തിയ കാർ സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തെറിച്ചുവീണ യൂസഫിന്റെയും ഷാനവാസിന്റെയും കണ്ണിൽ മുളക് സ്പ്രേ ചെയ്തു. തുടർന്ന് കൂട്ടിൽ സൂക്ഷിച്ച സ്വർണവുമായി കാറിലെത്തിയ സംഘം രക്ഷപ്പെട്ടു.

ഇരുവരുടെയും പരുക്ക് സാരമുള്ളതല്ല. പ്രതികൾ പട്ടാമ്പി ഭാഗത്തേക്കാണ് രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് സ്ഥലത്തെത്തി. പരിശോധന നടത്തി.

ENGLISH SUMMARY:

In Perinthalmanna town, Malappuram, a gang robbed gold worth ₹2.15 crore by knocking down a jeweler's scooter. The group, traveling in a car, chased and attacked the jeweler and his brother, stealing 3.5 kg of gold. The injured jeweler, Kinathil Yusuf, and his brother Shanavas have been admitted to a private hospital in Perinthalmanna.