ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 മരണം. മൂന്നുപേരുടെ നില ഗുരുതരം. മരിച്ചത് മാവേലിക്കരക്കാരായ അരുണ്‍ ഹരി, രമ മോഹന്‍, സംഗീത് എന്നിവരാണ്. മാവേലിക്കരയില്‍ നിന്നുള്ള വിനോദയാത്രാസംഘമാണ് അപകടത്തില്‍പ്പെട്ടത്. തഞ്ചാവൂരില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് അപകടം. 34 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.
20 അടിയോളം താഴ്ചയിലേക്ക് പതിച്ച ബസ് മരത്തില്‍ തങ്ങിനിന്നതാണ് അപകടത്തിന്റെ തീവ്രതകുറച്ചത്. പരുക്കേറ്റവരെ പീരുമേട് ,മുണ്ടക്കയം ആശുപത്രികളിലേക്ക് മാറ്റി. ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.