TOPICS COVERED

അത്യാവശ്യമായി ഒരാളെ വിളിക്കാനുണ്ടെന്ന് ആവശ്യപ്പെട്ട്  മൊബൈൽ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികൾ അറസ്റ്റിൽ. കാസർകോഡ് മൂളിയൂർ സ്വദേശി അലി അഷ്കർ, തൃശൂർ പുതുക്കാട് സ്വദേശി എം.ഡി.ആൻമേരി എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്.

കടകളിലും മറ്റും കയറി തങ്ങളുടെ മൊബൈൽ നഷ്ടപ്പെട്ടുവെന്നും അത്യാവശ്യമായി ഒരാളെ വിളിക്കണമെന്നും പറഞ്ഞ് മൊബൈലുകൾ വാങ്ങുകയാണ് ഇവർ ആദ്യം ചെയ്യുക. ശേഷം ഇതുമായി ഓടി രക്ഷപെടുകയാണ് മോഷണ രീതി. സമീപത്തായി പാർക്ക് ചെയ്തിരിക്കുന്ന ബൈക്കിൽ ഉടൻ സ്ഥലത്തു നിന്ന് കടക്കുകയും ചെയ്യും. ഇത്തരത്തിൽ മൊബൈൽ തട്ടിയെടുത്ത പത്തോളം കേസുകളിൽ പൊലീസിനു പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ബേക്കറി ജീവനക്കാരന്റെ മൊബൈൽ സമാനരീതിയിൽ തട്ടിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇവർക്കായി വല വിരിക്കുകയായിരുന്നു. കൊച്ചിയിൽ ഒരുമിച്ചു താമസിക്കുന്ന ഇരുവരും മുൻപു ലഹരി, ബൈക്ക് മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. 

ENGLISH SUMMARY:

A couple who claimed to have to call someone in an emergency and took possession of a mobile phone were arrested