തൃശൂരിലും കുറുവ സംഘമെത്തി. നിങ്ങള്‍ സൂക്ഷിക്കൂ’. ഇങ്ങനെയൊരു സന്ദേശം തൃശൂരിലാകെ പ്രചരിച്ചു. വിശ്വാസ്യതയ്ക്കായി ഒപ്പം പടവുമുണ്ട്. ഇതുകൂടാതെ , ഒരാളുടെ ഓഡിയോ സന്ദേശവുമുണ്ട്. ആലപ്പുഴയിലും കൊച്ചിയിലും കുറുവസംഘത്തെ കണ്ടു പേടിച്ച തൃശൂരുകാര് വ്യാപകമായി ഇതു ഷെയര്‍ ചെയ്തു. പക്ഷേ, പടത്തിലുള്ള ആള്‍ കുറുവ സംഘമൊന്നുമല്ല. ഇരിങ്ങാലക്കുടയിലെ പാവം കൂലിപ്പണിക്കാരന്‍. വിനോദ്. നാല്‍പത്തിനാലു വയസുണ്ട്. മരംമുറിക്കാനും പോകാറുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിന് ആറാട്ടുപുഴ തേവര്‍ റോഡില്‍ വീടിന്റെ പരിസരത്ത് മരക്കൊമ്പുകള്‍ വിനോദ് വാങ്ങിയിരുന്നു. സമീപത്തെ മറ്റൊരു വീട്ടില്‍ കയറി മരം വാങ്ങാന്‍ ശ്രമിച്ചു. കോളിങ് ബെല്‍ അടിച്ചപ്പോള്‍ ആരും വന്നില്ല. തൊട്ടടുത്തെ കടയില്‍ കയറി വീട്ടുകാരെക്കുറിച്ച് ചോദിച്ചു. നാട്ടുകാരില്‍ ആര്‍ക്കോ സംശയം തോന്നി വിനോദിന്റെ ചിത്രമെടുത്ത് വാട്സാപ്പില്‍ പ്രചരിപ്പിച്ചു. ചേര്‍പ്പ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിനോദ് നിരപരാധിയാണെന്ന് വ്യക്തമായി. പ്രമുഖ കമ്പനിയില്‍ ബോയിലര്‍ ഓപ്പറേറ്ററായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിനോദ് ജോലി ചെയ്തിട്ടുണ്ട്. പെരുമ്പിള്ളിശേരിയില്‍ വളകട്ടിങ് സ്ഥാപനത്തിലും നേരത്തെ ജോലി ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്. പടം പ്രചരിച്ച ശേഷം മക്കള്‍ക്ക് സ്കൂളില്‍ പോകാന്‍ പറ്റുന്നില്ല. നിര്‍ത്താതെ ഫോണ്‍ വിളികള്‍. മാനസികമായി വലിയ പ്രയാസത്തിലാണ്. പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വിനോദ് മനോരമ ന്യൂസിനോട് പറഞ്ഞു.