hair-drayerblast

കര്‍ണാടക ബാഗല്‍കോട്ടില്‍ ഹെയര്‍ ഡ്രൈയര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ വന്‍വഴിത്തിരിവ്. യൂസര്‍ മാന്വല്‍ നോക്കാതെ ഉപയോഗിച്ചതുകൊണ്ടാണ് ഹെയര്‍ ഡ്രൈയര്‍ പൊട്ടിത്തെറിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ തെളിഞ്ഞതാകട്ടെ പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും കഥ!

കഴിഞ്ഞ മാസം പതിനഞ്ചിനാണ് ഇല്‍കലിലുള്ള ബസവരാജേശ്വരിയുടെ വീട്ടുപടിക്കല്‍ കൊറിയറെത്തിയത്. അയല്‍വാസിയായ ശശികലയുടെ പേരില്‍ ബുക്ക് ചെയ്തതായിരുന്നു കൊറിയര്‍. ശശികല സ്ഥലത്തില്ലാത്തതിനാല്‍ അവര്‍ തന്നെ ഡെലിവറി ബോയിയോട് കൊറിയര്‍ ബസവരാജേശ്വരിയുടെ വീട്ടിലേല്‍പ്പിക്കാന്‍ പറയുകയായിരുന്നു. ബസവരാജേശ്വരിയെ ഫോണില്‍ വിളിച്ച ശശികല താന്‍ ഓണ്‍ലൈനില്‍ ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്നും വന്ന പാക്കേജ് വാങ്ങിവച്ചാല്‍ മതിയെന്നും പറഞ്ഞിരുന്നു. ഇതുകേട്ട് ബസവരാജേശ്വരി പാഴ്സല്‍ വാങ്ങി.

പാഴ്സല്‍ വാങ്ങിയ ശേഷം ശശികലയെ വിളിച്ചപ്പോള്‍ കവര്‍ തുറന്നുനോക്കാന്‍ അവര്‍ പറഞ്ഞു. തുറന്നപ്പോള്‍ ഉള്ളില്‍ ഒരു ഹെയര്‍ ഡ്രൈയര്‍. അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാന്‍ പ്ലഗ് കണക്ട് ചെയ്തു. സ്വിച്ച് ഓണ്‍ ചെയ്തതും ബസവരാജേശ്വരിയുടെ കയ്യിലിരുന്ന ഹെയര്‍ ഡ്രൈയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴേക്കും ബസവരാജേശ്വരിയുടെ കൈകള്‍ ചിതറിത്തെറിച്ചിരുന്നു.

ആദ്യം ഒരു അപകടമെന്നു തോന്നിയ സംഭവം. യൂസര്‍ മാന്വല്‍ നോക്കാതെ ഉപയോഗിച്ചതുകൊണ്ടാണ് ബസവരാജേശ്വരിയുടെ കയ്യിലിരുന്ന ഹെയര്‍ ഡ്രൈയര്‍ പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക പരിശോധനയ്ക്കുശേഷം ബാഗല്‍കോട്ട് എസ്പി പറഞ്ഞത്. എന്നാല്‍ ട്വിസ്റ്റിനൊടുവില്‍ ഹെയര്‍ ഡ്രൈയറില്‍ കൊല്ലാന്‍ ലക്ഷ്യമിട്ട് സ്ഫോടകവസ്തു സ്ഥാപിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ശശികലയെ കൊല്ലാന്‍ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം ആസൂത്രണം ചെയ്തത്. പിന്നില്‍ പ്രവര്‍ത്തിച്ചതാകട്ടെ ബസവരാജേശ്വരിയുടെ കാമുകനും. എന്നാല്‍ ഇക്കാര്യം ബസവരാജേശ്വരിക്ക് അറിയില്ലായിരുന്നു താനും.

സംഭവത്തില്‍ കൊപ്പൽ ജില്ലയിലെ കുർത്തഗേരി ഗ്രാമവാസിയായ സിദ്ധപ്പ ശീലവന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശീലവന്തും ബസവരാജേശ്വരിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ബസവരാജേശ്വരി തന്നെയാണ് അയൽവാസിയുമായ ശശികലയെ ഇയാളെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. എന്നാല്‍ ഇരുവരുടേയും ബന്ധമറിഞ്ഞ ശശികല അത് അവസാനിപ്പിക്കാൻ ബസവരാജേശ്വരിയെ ഉപദേശിച്ചു. ഇതില്‍ രോഷാകുലനായ ശീലവന്ത് ശശികലയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു.

വര്‍ഷങ്ങളോളം  ഗ്രാനൈറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ശീലവന്തിന് സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യാൻ അറിയാമായിരുന്നെന്നും ഈ അറിവ് ഉപയോഗിച്ച് ക്വാറികളില്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്റർ ഹെയർ ഡ്രയറിൽ ഘടിപ്പിക്കുകയായിരുന്നു. ശശികലയെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ പാര്‍സല്‍ അയച്ചത്. എന്നാല്‍ അതിന് ഇരയാകേണ്ടിവരുന്നത് തന്‍റെ കാമുകിയാകുമെന്ന് ശീലവന്ത് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. 

ENGLISH SUMMARY:

A tragic accident involving a hair dryer explosion that severely injured a homemaker in Bagalkot, Karnataka, has taken a dramatic turn. Initially attributed to user negligence, further investigation revealed a chilling story of love and revenge. On October 15, Basavarajeshwari received a parcel at her home, meant for her neighbor Shashikala. Since Shashikala was unavailable, she requested Basavarajeshwari to accept the delivery. Upon Shashikala’s suggestion, Basavarajeshwari opened the package, which contained a hair dryer. When she plugged it in to check if it worked, the dryer exploded with a loud noise, severely injuring her hands. The police uncovered that the hair dryer was tampered with to kill Shashikala. The plot was orchestrated by Siddappa Sheelavanta, a resident of Kurthagere village in Koppal district, who had been in a romantic relationship with Basavarajeshwari. Ironically, Basavarajeshwari was unaware of her lover’s sinister intentions.