കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത് കുറുവ മോഷണ സംഘമാണ്. ആലപ്പുഴയില്‍ നിന്ന് കുറുവ സംഘത്തില്‍പെട്ടയാള്‍ പിടിയിലായതോടെ നാടിന്‍റെയാകെ ഉറക്കംകെട്ടു. അത്യധികം അപകടകാരികളായ ഇവര്‍ വീടാക്രമിക്കുമോ എന്ന ഭീതിയാണ് ഇരുട്ടായാല്‍ എങ്ങും. അതിനിടെ പൊലീസിനേയും വട്ടംചുറ്റിക്കുകയാണ് ആലപ്പുഴയില്‍ നിന്ന് പിടിയിലായ സന്തോഷ് ശെല്‍വം.
കുറുവമോഷണസംഘത്തിലെ പ്രധാനിയാണ് സന്തോഷ് ശെല്‍വം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വേലനും പശുപതിയും നാടുവിട്ടുവെന്ന സൂചനകളെത്തിയെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല. എന്ത് ചോദിച്ചാലും സത്യം താന്‍ ആരാധിക്കുന്ന ദൈവമായ കാമാച്ചിയമ്മനോട് മാത്രമേ പറയൂവെന്ന സന്തോഷ് ശെല്‍വത്തിന്‍റെ നിലപാടിനു മുന്നില്‍ പൊലീസും പെട്ടു.
ഇതോടെ സന്തോഷ് ശെല്‍വത്തിന്‍റെ കസ്റ്റഡി കാലാവധി തീരുന്നതിന് ഒരു ദിവസം മുന്‍പേ ഇയാളെ പൊലീസ് കോടതിയില്‍ തിരികെ ഹാജരാക്കി. പൊലീസിന് ആകെ കണ്ടെത്താന്‍ കഴിഞ്ഞതാകട്ടെ ഓയില്‍ പുരണ്ട ഒരു ബര്‍മുഡയും തോര്‍ത്തും മാത്രം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് എത്ര ചോദിച്ചിട്ടും സന്തോഷ് ശെല്‍വം ഒറ്റിക്കൊടുക്കില്ലെന്ന കടുത്ത നിലപാടിലാണ്. ഒരക്ഷരംപോലും ഇയാളില്‍ നിന്ന് പൊലീസിന് മറുപടി ലഭിച്ചില്ല. എന്ത് ചോദിച്ചാലും കാമാച്ചിയമ്മനോട് പറഞ്ഞോളം എന്നതാണ് പ്രതികരണം.
അതിനിടെ കുറുവ ഭീതിയിലായ എറണാകുളം വടക്കന്‍ പറവൂരിലെ ജനങ്ങള്‍ കളരി അഭ്യാസികളെ കൂട്ടിയാണ് കുറുവസംഘത്തെ പിടികൂടാന്‍ രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിങ്ങില്‍ ഒപ്പം കൂടിയത്. കുറുവാ സംഘം ഒളിവിൽ താമസിച്ച കുണ്ടന്നൂർ പാലത്തിന് താഴെ താമസിച്ചിരുന്നവരെ മരട് നഗരസഭയും ഒഴിപ്പിച്ചിരുന്നു. ശക്തമായ അന്വേഷണവും തിരച്ചിലും നടത്തുമ്പോഴും മറ്റ് കുറുവ സംഘാംഗങ്ങളെ കുറിച്ച് വിവരമില്ലാത്തത് പൊലീസിനെ നട്ടംതിരിക്കുകയാണ്. തമിഴ്നാട്ടിലെ തേനി, കമ്പം തുടങ്ങിയിടങ്ങളില്‍ അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല.