മാവേലിക്കര ഭരണിക്കാവ് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ഭരണിക്കാവ് പള്ളിക്കൽ സ്വദേശി പ്രവീണാണ് പിടിയിലായത്. വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വാഹനമോടിച്ച് കുറ്റകൃത്യം നടത്തുന്ന ഇയാളുടെ പേരിൽ നിരവധി കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.
എട്ടാം തീയതി വൈകിട്ട് നാലുമണിയോടെ നൂറനാട് ഇടക്കുന്നത്ത് സ്കൂൾ വിട്ടുവന്ന വിദ്യാർഥിനിയെ പ്രതി പ്രവീൺ നഗ്നത കാണിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയായിരുന്നു കുറ്റകൃത്യം. ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ ബലമായി കയറ്റാൻ ശ്രമിച്ചു. കരച്ചിൽ കേട്ടെത്തിയ രണ്ട് ഹരിത കർമ്മ സേനാംഗങ്ങളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവശേഷം സ്കൂട്ടറിൽ രക്ഷപെടാൻ ശ്രമിച്ച ഇയാളെ ഹരിത കർമ്മ സേനാംഗങ്ങൾ ഓട്ടോയിൽ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിവിധ ഇടങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. എന്നാൽ സംഭവം നടക്കുന്ന സമയം മഴയായതിനാൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല. ഇതിനിടെ ഒരു ദിവസം പെൺകുട്ടിയും പിതാവും സ്കൂട്ടറിൽ വരുമ്പോൾ വഴിയിൽവെച്ച് പ്രവീണിനെ കാണുകയായിരുന്നു. പിന്തുടർന്നെങ്കിലും ഇയാൾ വീണ്ടും രക്ഷപ്പെട്ടു. ഈ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചതോടെയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. വീട്ടിൽ സ്ഥിരമായി താമസിക്കാത്ത ഇയാൾ പല സ്ഥലത്തും അലഞ്ഞുതിരിഞ്ഞ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതാണ് രീതി. ആലപ്പുഴ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് വില്പന, മോഷണം, അബ്കാരി ഇടപാടുകൾ തുടങ്ങി പതിനഞ്ചോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. അമ്പലപ്പുഴയിലെ മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് ജൂലൈയിൽ ജയിൽ മോചിതനായ ശേഷമാണ് പുതിയ കുറ്റകൃത്യം. കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതി പിടിയിലായത്. ഇതിനിടെ ഇയാൾ പൊലീസിനെ കത്തി കൊണ്ട് ആക്രമിക്കാനും ശ്രമിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.