TOPICS COVERED

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വടകരപ്പതി കോഴിപ്പാറ സ്വദേശി മാര്‍ട്ടിന്‍ അന്തോണി സ്വാമി കൊല്ലപ്പെട്ട കേസില്‍ സുഹൃത്തായ സില്‍വൈ മുത്തു എന്ന സ്വാമികണ്ണിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തില്‍ സംശയം തോന്നിയ മാര്‍ട്ടിന്റെ സഹോദരന്‍ പൊലീസിനെ സമീപിച്ചതാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് നയിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഈമാസം പതിനൊന്നിനാണ് മാർട്ടിൻ അന്തോണി സ്വാമിയെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്തോണിസ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് സഹോദരൻ അടുത്തദിവസം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അന്തോണി സാമിയുടെ സുഹ്യത്തായ സ്വാമികണ്ണാണ് കൊലപാതകത്തിനു പിന്നിലെന്നു തെളിഞ്ഞത്. മൃതദേഹം കണ്ടെത്തിയതിന്റെ തലേന്ന് വൈകിട്ട് മാർട്ടിൻ അന്തോണി സ്വാമിയും സ്വാമികണ്ണും കുളത്തിന് സമീപത്തിരുന്ന് മദ്യപിച്ചു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ അന്തോണിസ്വാമിയെ കുളത്തിലേക്കു തള്ളിയിടുകയായിരുന്നുവെന്ന് സ്വാമികണ്ണ് പൊലീസിനു മൊഴി നൽകി. 

തള്ളിയിട്ടപ്പോൾ കുളത്തിലെ കല്ലിൽ നെഞ്ചിടിച്ചു വീണതാണു മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കസ്‌റ്റഡിയിലെടുത്ത പ്രതിയുമായി പൊലീസ് സംഭവ സ്‌ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഫൊറൻസിക് സയന്റിഫിക് ഓഫിസറുടെ നേത്യത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധിച്ചു. കൊഴിഞ്ഞാമ്പാറ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.