പുതുക്കോട്ടയില്‍, ലഹരിമരുന്ന് കേസില്‍ പിടിയിലായ യുവാവിന്റെ മരണത്തില്‍ കേസെടുത്തു. മുപ്പത്തിയാറുകാരന്‍ വിഘ്നേശ്വരന്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. ഇന്ന് ജഡ്ജിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷല്‍ പൊലീസ് സംഘമാണ് പുതുക്കോട്ടയില്‍ നിന്ന് വിഘ്നേശ്വരന്‍ അടക്കം 13 പേരെ പിടികൂടിയത്. റെയ്ഡില്‍ 200 ലഹരിഗുളികകളും 10 സിറിഞ്ചുകളും കണ്ടെത്തി. ടൗണ്‍ പൊലീസിന് കൈമാറിയ ഇവരെ പിന്നീട് ചോദ്യം ചെയ്യലിനായി വെല്ലനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് വിഘ്നേശ്വരന് പെട്ടെന്ന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായെന്നും തുടര്‍ന്ന് പുതുക്കോട്ട ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെന്നുമാണ് പൊലീസ് പറയുന്നത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.
യുവാവിനെ യാതൊരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. വിഘ്നേശ്വരന്‍ ലഹരി മുക്ത ചികില്‍സയ്ക്ക് വിധേയനായിരുന്നു. അദ്ദഹത്തോട് ലഹരി ഉപയോഗിക്കരുതെന്നും ഉപയോഗിച്ചാല്‍ ഗുരുതമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നെന്നും പൊലീസ് അവകാശപ്പെടുന്നു. യുവാവിന്റെ മരണത്തില്‍ ഇന്ന് കേസെടുത്തു. ജഡ്ജിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റും പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണകാരണം എന്തെന്നതില്‍ വ്യക്തത ഉണ്ടാകും.