സുഹൃത്തുക്കളുടെ പരിധി വിട്ട തമാശ കലാശിച്ചത് യുവാവിന്റെ ആത്മഹത്യ ശ്രമത്തില്‍. മംഗളൂരുവിലാണ് സംഭവം. ബെല്‍ത്തങ്ങാടി പനകജെയിലെ ഷാഹില്‍ (21) എന്ന യുവാവാണ് നാണക്കേട് സഹിക്കാനാകാതെ ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്ക്രാച്ച് ജീന്‍സ് (കീറിയ തരത്തിലുള്ള ജീന്‍സ്) ധരിച്ച് നഗരത്തിലേക്കിറങ്ങിയതായിരുന്നു ഷാഹില്‍.
സുഹൃത്തുക്കളില്‍ ഒരാള്‍ തമാശയ്ക്കു യുവാവിന്റെ കൈകള്‍ ബലമായി പിന്നിലേക്ക് പിടിച്ചു വച്ചു. മറ്റൊരാള്‍ ചാക്ക് തുന്നുന്ന വലിയ സൂചി ഉപയോഗിച്ച് ജീന്‍സിന്റെ കീറിയ ഭാഗങ്ങള്‍ തുന്നി. ഇതെല്ലാം സംഘത്തിലൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പിന്നീട് ഇവ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് യുവാവിനു താങ്ങാനായില്ല. വീട്ടിലെത്തിയ ഷാഹില്‍ വിഷം കഴിക്കുകായിരുന്നു.
വീട്ടുകാര്‍ കാണുമ്പോള്‍ ഷാഹില്‍ അവശനിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ നില ഗുരുതരമാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സുഹൃത്തുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.