തൃശൂര്‍ ആമ്പക്കാട് പള്ളി പെരുന്നാളിനിടെ പൊലീസ് ജീപ്പിനു മുകളില്‍ കയറി യുവാവിന്റെ നൃത്തം. തടയാനെത്തിയ പൊലീസിനെ യുവാക്കള്‍ ആക്രമിച്ചു. എസ്ഐ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റു. പൊലീസിനെ ആക്രമിച്ച നാലു പേരെ പിടികൂടി റിമാന്‍ഡ് ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
തൃശൂര്‍ ആമ്പക്കാട്ടാണ് ഈ ദൃശ്യങ്ങള്‍. പള്ളി പെരുന്നാളിന്റെ അമ്പ് പ്രദക്ഷിണം കടന്നുപോകുമ്പോള്‍ ബാന്‍ഡ്സെറ്റിനൊപ്പം യുവാക്കള്‍ നൃത്തം ചെയ്തു. ഇതിനിടെ, രണ്ടു സംഘങ്ങള്‍ തമ്മില്‍ അടിപിടിയായി. സ്ഥലത്തുണ്ടായിരുന്ന പേരാമംഗലം പൊലീസ് ഇതു തടയാന്‍ ശ്രമിച്ചു. അപ്പോള്‍ പൊലീസിനെ ആക്രമിച്ചു. എസ്ഐ എഫ്. ഫയാസിന്റെ വിരലൊടിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരായ പി.ജി.ഗോകുല്‍, വെയ്്ല്‍സ് സോളമന്‍, മനീഷ് എന്നിവര്‍ക്കും പരുക്കേറ്റു. ഇതിനിടെ, തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശിയായ അബിത് പരമേശ്വരന്‍ പൊലീസ് ജീപ്പിനു മുകളില്‍ കയറി. കയ്യുയര്‍ത്തി ചുവടുവച്ചു. പിന്നാലെ, ജീപ്പിനു മുകളില്‍ നിന്ന് വെല്ലുവിളിയും. കഞ്ചാവ് ലഹരിയിലായിരുന്നു. എ.ആര്‍. ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥന്‍ മനീഷ് ജീപ്പിനു മുകളില്‍ കയറി അബിതിനെ തള്ളിതാഴെയിട്ടു.
ഇതെല്ലാം യുവാക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി റീല്‍സാക്കി. അബിത് ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. അബിതിന്റെ സഹോദരന്‍ അജിത്, ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചിറ്റാട്ടുകര സ്വദേശി ധനന്‍, കുന്നത്തങ്ങാടി സ്വദേശി എഡ്്്വിന്‍ ജോസ് എന്നിവരെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. നാലു പേരെയും റിമാന്‍ഡ് ചെയ്തു. ചാവക്കാട് സബ്ജയിലിലാണ് നാലു പേരും.