TOPICS COVERED

കാസർകോട് കോൺഗ്രസ് നേതാവ് കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി വി. രാധാകൃഷ്ണന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളെ വെറുതെ വിട്ടു.

2008 മാര്‍ച്ച് 27 നാണ് കാറഡുക്ക മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി കുണ്ടാര്‍ ബാലന്‍ എന്ന ടി ബാലകൃഷ്ണന്‍ കൊല്ലപ്പെടുന്നത്. ഈശ്വരമംഗലത്തുള്ള ബന്ധുവിന്റെ വീട്ടിൽ നിന്ന് മടങ്ങി വരുന്ന വഴിയാണ് ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞ് കുത്തിയത്. പിന്നീട് പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം. രാഷ്ട്രീയ വിരോധം മൂലം ബിജെപി പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. 

തുടക്കത്തിൽ  ആദൂർ  പൊലീസും പിന്നീട് ക്രൈം ഡിറ്റാച്ച്മെന്‍റ് യൂണിറ്റും അതിന് ശേഷം ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. ഒന്നാം പ്രതി ബിജെപി പ്രവര്‍ത്തകനായ കുണ്ടാര്‍ സ്വദേശി വി. രാധാകൃഷ്ണന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ വിജയന്‍, കുമാരന്‍, ദിലീപ് എന്നിവരെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. കേസ് അട്ടിമറിക്കാന്‍ ആദൂര്‍ പൊലീസ് തുടക്കത്തില്‍ ശ്രമിച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കുടുംബം മേൽക്കോടതിയിൽ അപ്പീല്‍ നൽകും. 

ENGLISH SUMMARY:

V. Radhakrishnan, the first accused in the stabbing death of Congress leader Kundar Balan, has been sentenced to life imprisonment and a fine of Rs 2 lakh.