പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ രാഹുലിനെതിരെയുള്ള നേരത്തെ റദ്ദാക്കിയ കേസ് വീണ്ടുമെടുത്തേക്കും. ഇതിനായി പൊലീസ് നിയമസാധുത തേടി . പരാതിയില്ലെന്ന യുവതിയുടെ സത്യവാങ്മൂലത്തെ തുടര്‍ന്ന് കേസ് റദ്ദാക്കിയിരുന്നു
Read Also: 'ഭര്‍ത്താവും അമ്മയും മര്‍ദിച്ചു'; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി ആശുപത്രിയില്‍
ഹൈക്കോടതി റദ്ദാക്കിയ പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും ഭര്‍ത്താവിന്റ മർദനമേറ്റിരുന്നു. രാത്രി മദ്യപിച്ചെത്തിയ രാഹുല്‍ മുന്‍പ് നല്‍കിയ പരാതിയെച്ചൊല്ലി ക്രൂരമായി മര്‍ദിച്ചെന്ന് പറവൂർ സ്വദേശിയായ യുവതി മൊഴി നല്‍കി.
ചുണ്ടിനും ഇടത്തേകണ്ണിനും ഗുരുതരമായി പരുക്കേറ്റ യുവതിയെ രാഹുല്‍ തന്നെയാണ് കഴിഞ്ഞദിവസം രാത്രി ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. മദ്യപിച്ചെത്തുന്ന രാഹുല്‍ പഴയകാര്യങ്ങളെ ചൊല്ലി എന്നും രാത്രി മർദിക്കാറുണ്ടെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കഴിഞ്ഞദിവസം അടിയേറ്റ് വീണിട്ടും തലയ്ക്കടിച്ചു. ആബുംലന്‍സില്‍വെച്ചും രാഹുല്‍ മർദിച്ചെന്ന് മൊഴിയിലുണ്ട്. യുവതിെയ ആശുപത്രിയിലെത്തിച്ചശേഷം കടന്ന രാഹുലിനെ പാലാഴിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
പീഡനത്തിനും നരഹത്യശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. വൈദ്യപരിശോധനയ്ക്കുശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. ഇതേ കാരണത്താല്‍ മുന്‍പ് യുവതി നല്‍കിയ കേസ്, ഇരുവരും ഒത്തുതീര്‍പ്പിലെത്തിയതോടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആദ്യം ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച യുവതി പിന്നീട് മൊഴിമാറ്റി. പിന്നാലെ രാഹുല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. കേസ് റദ്ദാക്കിയിട്ട് കൃത്യം ഒരു മാസം തികയുമ്പോഴാണ് യുവതി വീണ്ടും മർദനമേറ്റ് ആശുപത്രിയിലാകുന്നത്. പുതിയ സാഹചര്യത്തില്‍ നേരത്തെയുള്ള കേസ് വീണ്ടും സജീവമാക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഇതിനായി നിയമോപദേശം തേടിയേക്കും.