fake-kuruva

ആലപ്പുഴയില്‍ കുറുവ കള്ളൻമാരെ പേടിച്ചു കഴിയുന്ന നാട്ടുകാരെ വിരട്ടാൻ നാട്ടുകള്ളൻമാരും സാമൂഹ്യവിരുദ്ധരും . കുറുവ സംഘത്തിന്റേതു പോലെ തോന്നിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചാണ് ചില സാമൂഹ്യ വിരുദ്ധർ രാത്രി സഞ്ചരിക്കുന്നത്. ആലപ്പുഴ പൊന്നാട്, അമ്പനാകുളങ്ങര എന്നിവിടങ്ങളിൽ നിന്ന് ഇത്തരം ആളുകളുടെ സി സി ടിവി ദൃശ്യങ്ങള്‍  പൊലീസിന് ലഭിച്ചു.  

 

കണ്ടാൽ കുറുവ സംഘമെന്ന് തോന്നും . ആലപ്പുഴ മണ്ണഞ്ചേരി പൊലിസ് സ്റ്റേഷൻ പരിധിയിലെ പൊന്നാടും അമ്പനാ കുളങ്ങരയിലുമാണ് ഈ ദൃശ്യങ്ങൾ സിസി ടിവി ക്യാമറയിൽ പതിഞ്ഞത്. ഇത് കുറുവ സംഘമല്ലെന്നും ലഹരിമരുന്നിന് അടിമകളായ രണ്ട് യുവാക്കളാണ് ദൃശ്യങ്ങളിൽ ഉള്ളതെന്ന് പൊലിസ് കണ്ടെത്തി. കേസും റജിസ്റ്റർ ചെയ്തു. തലയിൽ തോർത്തിട്ട് പ്രത്യേക രീതിയിൽ വസ്ത്രം ധരിച്ച് കയ്യിൽ വടിയുമായാണ് ചിലർ പുറത്തിറങ്ങുന്നത്. നാട്ടുകള്ളൻമാരും സാമൂഹ്യ വിരുദ്ധരും ചില പ്രത്യേക ലക്ഷ്യങ്ങളോടെ രാത്രി സഞ്ചരിക്കുന്നവരും സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ തേടിയെത്തുന്നവരുമെല്ലാം ഇപ്പോൾ കുറുവ സംഘത്തിൽപ്പെട്ടവരായി മുദ്രകുത്തപ്പെടുന്നുണ്ടെന്ന് പൊലീസ് പറയുന്നു. 

കുറുവ സംഘത്തെ പിടികൂടാൻ ജാഗ്രത സമിതികൾ രൂപീകരിച്ച് നാട്ടുകാർ റോന്തു ചുറ്റുന്നതും പതിവായതോടെ ഇങ്ങനെയുള്ളവരും നിരീക്ഷണത്തിലാകുന്നു. പൊന്നാട് രാത്രിയിൽ എത്തിയ ആളെ പല വീട്ടുകാർ കണ്ടെങ്കിലും ഭയന്ന് പുറത്തിറങ്ങിയില്ല.അമ്പനാകുളങ്ങരയിൽ കണ്ട ആൾ പ്രദേശവാസിയായ യുവാവാണെന്ന് തിരിച്ചറിഞ്ഞു. ലഹരി മരുന്നിന് അടിമയായ ഇയാൾ സാധാരണ രീതിയിലാണ് വസ്ത്രം ധരിച്ചിരുന്നത്. നാലു വീടുകളുടെ മതിൽ ചാടിയ ഇയാൾ ഒരു വീടിന്റെ ജനൽ ചില്ല് തകർത്തു. പൊലിസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോയി. കുറുവ കള്ളൻമാരുടെ മറവിൽ സാമൂഹ്യ വിരുദ്ധർ രംഗത്തിറങ്ങുന്നത് നാട്ടുകാരെയും പൊലീസിനെയും ഒരുപോലെ വലയ്ക്കുന്നു. 

രാത്രി വീടുകൾക്ക് സമീപം ചെറിയ ശബ്ദം കേട്ടാൽ പോലും കുറുവ സംഘമാണെന്ന സംശയത്തിൽ പൊലീസിനെ വിളിക്കുന്നവരുടെ എണ്ണവും കൂടി .ആലപ്പുഴയിൽ കവർച്ച നടത്തിയ കുറുവസംഘത്തിലെ കൂട്ടുപ്രതികളെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണ്. 

ENGLISH SUMMARY:

Local thieves like the Kuruva gang become threat