സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ യാത്ര ചെയ്ത എഴുപത്തിമൂന്നുകാരന്‍ നാല് സ്ത്രീകളെ പീഡിപ്പിച്ചതായി പരാതി. യുഎസില്‍ നിന്ന് സിംഗപ്പൂരേക്കുള്ള ഒറ്റ യാത്രയിലാണ് പ്രതി നാലുപേരെ പീഡിപ്പിച്ചത്. ഇത് അധികൃതരിലും ഞെട്ടലുണ്ടാക്കി. ബാലസുബ്രഹ്മണ്യന്‍ രമേശാണ് പീഡനക്കേസിലെ പ്രതി. ഇയാള്‍ നിലവില്‍ സിംഗപ്പൂര്‍ പൊലീസിന്‍റെ പിടിയിലാണ്.
നവംബര്‍ 18നാണ് പ്രതി വിമാനത്തില്‍വച്ച് യുവതികളെ പീഡിപ്പിച്ചത്. ഒരു സ്ത്രീയെ നാലു തവണയാണ് ഇയാള്‍ പീഡിപ്പിച്ചത്. മൂന്നു സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതെല്ലാം ചേര്‍ത്ത് ഏഴു പീഡനക്കേസുകളാണ് ബാലസുബ്രഹ്മണ്യനെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട സ്ത്രീകളുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് വിമാനക്കമ്പനിയോടും വിമാനത്തിലുണ്ടായിരുന്ന സഹയാത്രീകരോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പുലര്‍ച്ചെ മൂന്നേകാലോടെയാണ് പ്രതി ആദ്യത്തെ പീഡനശ്രമം നടത്തിയത്. അഞ്ചു മിനിറ്റിനു ശേഷം രണ്ടാമത്തെ യുവതിയെയും പീഡിപ്പിച്ചു. മൂന്നര മുതല്‍ ആറു മണി വരെയുള്ള സമയംകൊണ്ട് ഇവരെ നാലു തവണ പ്രതി പീഡിപ്പിച്ചു. രാവിലെ ഒന്‍പതരയോടെ മൂന്നാമത്തെയും വൈകുന്നേരം അഞ്ചരയോടെ നാലാമത്തെയും യുവതിക്കു നേരെ പീഡനശ്രമമുണ്ടായി.
ഡിസംബര്‍ പതിമൂന്നിന് കേസില്‍ കോടതിയില്‍ വാദം നടക്കും. ഓരോ പീഡനത്തിനും മൂന്നും വര്‍ഷം വീതം പ്രതിക്ക് തടവ് ശിക്ഷ ലഭിക്കാനാണ് സാധ്യത. തടവ് കൂടാതെ പിഴയും പിഴയടയ്ക്കാത്ത പക്ഷം അധിക തടവ് ശിക്ഷയും ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൂരലടിയും ശിക്ഷാപരിധിയില്‍ വരുമെങ്കിലും പ്രതി അന്‍പത് വയസ്സിനു മുകളിലുള്ള ആളായതിനാല്‍ ലഭിച്ചേക്കില്ല.